BREAKING NEWSKERALA

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി. ധാരണപത്രം റദ്ദാക്കി, ധാരണപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കും

തിരുവനന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്.
ധാരണപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനും സാധ്യതയുണ്ട്. ധാരണാപത്രങ്ങള്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവന്‍ ഇ ഗെരന്‍സര്‍, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവര്‍ഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.
മന്ത്രിമാരെ വ്യവസായനിര്‍ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും അതില്‍ പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി 400 ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകള്‍ ഉണ്ടാക്കാന്‍ ഒപ്പിട്ട ധാരണാപത്രം സര്‍ക്കാരോ, കോര്‍പ്പറേഷനോ പുറത്തുവിട്ടിട്ടില്ല.
കെ.എസ്.ഐ.ഡി.സി.യുമായി ഉണ്ടാക്കിയ ധാരണാപത്രവും ഭക്ഷ്യസംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതിന്റെ രേഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു. കമ്പനിമേധാവിയെ കണ്ടെന്ന കാര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടുമുണ്ട്.

Related Articles

Back to top button