BREAKING NEWSKERALA

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു; കോവാക്‌സീന്‍ ഫലപ്രദം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച, സെപ്റ്റംബര്‍ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ രേഖപ്പെടുത്തി. കോവിഡ് വാക്‌സീനായ കോവാക്‌സീന്‍ ഫലപ്രദമാണ്. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉള്‍പ്പെടെ കോവാക്‌സീന്‍ ഫലപ്രദമാണ്. വാക്‌സിനേഷന്‍ നടപടികള്‍ സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിന്‍ പോര്‍ട്ടലില്‍ 15 ദിവസത്തെ വാക്‌സിനേഷന്‍ സെഷനുകള്‍ സൃഷ്ടിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യും. കോവിഡ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ കിഫ്ബിക്കെതിരെ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണ്. ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചു. കിഫ്ബിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതിനാല്‍ ഇഡിയെ ഉപയോഗിക്കുന്നു.
കേന്ദ്ര ഏജന്‍സികള്‍ സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ അപമാനിക്കുന്നു. കേന്ദ്ര ഏജന്‍സി ആര്‍ക്കെതിരെയാണ് ഇറങ്ങിയതെന്ന് അറിയാന്‍ പാഴൂര്‍ പടിവരെ പോകേണ്ടതില്ല. ഉത്തരവാദിത്തം നിറവേറ്റുന്നത് തടയാന്‍ വരുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ല. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷി പറയുന്നതെല്ലാം ശരിയെന്നാണ് പ്രതിപക്ഷ നിലപാട്. കിഫ്ബി മസാല ബോണ്ട് ഇറക്കിയത് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button