BREAKING NEWS

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ നെറികേടിന്റെ മാര്‍ഗം സ്വീകരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ ചിലര്‍ നെറികേടിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.
‘സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവര്‍ സ്വന്തം വീട്ടില്‍ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തില്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടില്‍ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതില്‍ നടന്നോ. ഓരോ പ്രദേശത്തും പൂര്‍ത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്’.
ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്‌നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു ദിവസ്സത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.
‘സ്വാഭാവികമായും ഇങ്ങോട്ട് വരേണ്ടവര്‍ ഇവിടെയെത്തുമ്പോള്‍ അവരില്‍ പലരും ഏറ്റവും കൂടുതല്‍ രോഗവ്യാപന പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ്. അതിന്റേതായ രോഗവ്യാപനമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ആശ്വസിക്കാനുള്ള വകയുണ്ട്. മരണം ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. അത് പിടിച്ചു നിര്‍ത്താനും നമുക്കായി. ഇക്കാര്യത്തില്‍ ലോകത്തിന്റെ മുന്‍നിര പട്ടികയിലാണ് കൊച്ചു കേരളം ഉള്ളത്. അവിടെയും പലരും കൊണ്ടു പിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നോ ആ കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലര്‍ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button