തിരുവനന്തപുരം: കേരളത്തില്‍ സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ ഒരുതകാര്യം സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണം തടയാനുള്ള നിയമ നിര്‍മാണം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും തന്റെ അറിവിലില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് സംബന്ധിച്ച ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചുവെങ്കിലും സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അവിടെ നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. കേരളത്തില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കമെന്നും ഇതുസംബന്ധിച്ച ഫയല്‍ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.