തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്.
അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന് മേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ശിവശങ്കറിന്റ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ച് പൊറുപ്പിക്കില്ല.
ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപിക്കാന്‍ ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം പിടിച്ചപ്പോള്‍ മുതല്‍ പ്രചരണം ശക്തമായിരുന്നു. സ്വര്‍ണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ തന്നെ ശിവശങ്കറിന് എതിരെ നടപടി എടുത്തു.സ്വര്‍ണ കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനേ സ്ഥലം മാറ്റിയത് ചര്‍ച്ച ആയതേ ഇല്ല . മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ശിവശങ്കറിന്റെ മറുപടി. മുന്‍കാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചില്ല. അതാണ് യുഡിഫ് സര്‍ക്കാരുമായുള്ള കാതലായ മാറ്റം.
സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ സ്വപ്നയേയും മാറ്റി. സ്വര്‍ണക്കടത്ത് കേസിനെ വക്രീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിനന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം നടക്കുകയാണ്. ലൈഫ് മിഷന് വിദേശ സംഭാവന ചട്ടം ലംഘിച്ചിട്ടില്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല. പക്ഷെ നിയമ പരമല്ലാത്ത ഇടപെടലുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും .അതിലെന്താണ് തെറ്റ്.
അധികാരത്തില്‍ വരും മുന്‍പ് ശിവശങ്കറിനെ പരിചയം ഇല്ല. വിവിധ ഇടങ്ങളില്‍ മികവ് കാണിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ക്രമപ്രകാരം ആണ് ശിവശങ്കറിനെ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം വിശ്വസ്ഥരാണ്. പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ അവിശ്വാസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പാര്‍ട്ടിയല്ല ശിവശങ്കറിനെ നിയമിച്ചത്. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല,വ്യക്തിപരമായ ശിവശങ്കറിന്റെ ഇടപെടലുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ലെന്നും മുഖ്യമന്ത്രി.