BREAKING NEWSKERALA

എല്ലാം അന്വേഷണത്തിന്റെ ഭാഗം, നിജസ്ഥിതി അറിയാതെ പ്രതികരിക്കാനാവില്ല, റെയ്ഡ് തള്ളാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുളളതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്കെതിരേ ഉയര്‍ന്നുവരുന്ന ആരോപണത്തിന്റെ ഭാഗമായുളള അന്വേഷണത്തെ കുറിച്ച് അതിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ മുന്‍കൂറായി പ്രവചനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്വേഷണ ഏജന്‍സി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയില്‍ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടര്‍ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഉറപ്പിച്ച് ഒന്നും പറയാനാകില്ല.’മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങളുണ്ട് എന്നത് ശരിയാണ് അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതല്ലാതെ അതിനപ്പുറം കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാനുണ്ടാകും അതുകൊണ്ട് അവര്‍ വിളിച്ചിട്ടുണ്ടാകുമെന്ന് മാത്രമേ കരുതാനാകൂ.
സി.എം.രവീന്ദ്രന്‍ വളരെക്കാലമായി തനിക്ക് പരിചയമുളള ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും കുറ്റം ചാര്‍ത്തിക്കളയരുതെന്നും അതുകൊണ്ട് അയാള്‍ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button