തിരുവനന്തപുരം: പതിനൊന്നു മണിക്കൂര്‍ ചര്‍ച്ച. അതില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രിയുടെ മറുപടി. ഒടുവില്‍, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കേരള നിയമസഭ വോട്ടിനിട്ട് 40നെതിരേ 87നു തള്ളി.
അഞ്ചുമണിക്കൂറാണ് ചര്‍ച്ചയ്ക്കായി നിശ്ചയിച്ചതെങ്കിലും ആരോപണ, പ്രത്യാരോപണങ്ങള്‍ നീണ്ടതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9.20നാണ്. കേരള നിയമസഭയില്‍ ഒരു അംഗം നടത്തുന്ന ഏറ്റവുംനീണ്ട പ്രസംഗവുമായി മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ മറുപടി മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍, മുഖ്യമന്ത്രി പിന്മാറിയില്ല. വീണ്ടും ഒരു മണിക്കൂറോളം പ്രതിപക്ഷ ബഹളത്തിനിടയിലും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുകയും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
യു.ഡി.എഫുമായുള്ള ഭിന്നതയെത്തുടര്‍ന്ന് വോട്ടെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷത്തെ റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നിവര്‍ വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോയില്ലെന്ന് പറഞ്ഞ ബി.ജെ.പി. അംഗം ഒ. രാജഗോപാലും വോട്ടെടുപ്പിനുണ്ടായിരുന്നില്ല. ഏറെ ആരോപണങ്ങള്‍ നേരിട്ട മന്ത്രി കെ.ടി. ജലീലും സഭയിലുണ്ടായിരുന്നില്ല.
കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെതിരേ സ്പ്രിംക്ളര്‍മുതല്‍ ജലീല്‍ വിവാദംവരെയുള്ള കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായെന്നതായിരുന്നു ആരോപണങ്ങളുടെ തുറുപ്പുചീട്ട്. ദേശീയപാതയോരത്ത് ഭൂമി കൈമാറ്റം, പി.പി.ഇ. കിറ്റ് വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളും ഉയര്‍ത്തി.
ലൈഫ് മിഷന് പദ്ധതിയില്‍ പുറത്തുവന്ന നാലേകാല്‍ കോടിക്കുപുറമേ അഞ്ചുകോടിയുടെ കമ്മിഷന് ഇടപാടുകൂടി നടന്നെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍, ലൈഫ് മിഷന് ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയില്‍നിന്നുണ്ടായില്ല. ആരോപണങ്ങള്‍ക്ക് മറുപടിപറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം പിന്നീട് കുറ്റപ്പെടുത്തി.
യു.ഡി.എഫിലെ കക്ഷികള്‍ക്ക് പരസ്പരമാണ് വിശ്വാസമില്ലാത്തതെന്നുപറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി കൂടുതല്‍ നല്ലവാഗ്ദാനങ്ങള്‍ കിട്ടിയാല്‍ കോണ്‍ഗ്രസില്‍നിന്ന് നേതാക്കള്‍ ബി.ജെ.പി.യിലേക്കു പോകാന്‍ കാത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഓഖി, പ്രളയം, നിപ, കോവിഡ് പ്രതിസന്ധികളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി ഭരണത്തെസംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമെന്ന് വ്യക്തമാക്കി. 600 വാഗ്ദാനങ്ങളില്‍ 30 എണ്ണമേ ഇനി ചെയ്യാനുള്ളൂവെന്നും അതും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ച സ്പീക്കര്‍ മാറിനില്‍ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. നോട്ടീസ് ക്രമപ്രകാരമല്ലാത്തതിനാല്‍ അത് സ്പീക്കര്‍ നിരാകരിച്ചു. മുഖ്യമന്ത്രി രാജിവെക്കുകയെന്ന ആവശ്യമുന്നയിക്കുന്ന ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.