BREAKING NEWSKERALA

അരിമുടക്കിയത് ആര്… സര്‍ക്കാരോ പ്രതിപക്ഷമോ?

പ്രചാരണത്തിലിപ്പോള്‍ തിളയ്ക്കുന്നത് അരി വിഷയമാണ്. അന്നംമുടക്കിയത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുമ്പോള്‍ അരിയും പെന്‍ഷനും മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെടുന്നത്.
മൂന്നാഴ്ചയായി റേഷന്‍കടയില്‍ പൂഴ്ത്തിവെച്ച അരി തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. അരി സമയത്ത് കൊടുക്കാതെ പൂഴ്ത്തിവച്ച് തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുകയാണ്. ഇതിനു ശ്രമിച്ചതും ജനങ്ങളുടെ അന്നംമുടക്കിയതും മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു . തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് കിറ്റു നല്കുന്നതിന്റെ എല്ലാക്രഡിറ്റും മുഖ്യമന്ത്രി അവകാശപ്പെടുതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് വോട്ടെടുപ്പിനു ശേഷം ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിക്കുന്നു. പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയു0, ലൈഫ് പദ്ധതികളെയു0 പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളില്‍ യുഡിഎഫ് എംഎല്‍എമാര്‍ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സര്‍ക്കാര്‍ വികസനം മുടക്കിയിട്ടില്ല. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാര്‍ താല്പര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. ്
ബിജെപിയുടെ യഥാര്‍ഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നുമാണ് പ്രതിപക്ഷ നേതാവ് മറുപടി പറയുന്നത്. ബിജെപിയുടെ യഥാര്‍ഥ കൂട്ടുകാരന്‍ മുഖ്യമന്ത്രിയാണെന്നും ആര്‍ എസ് എസ് നേതാവ് ബാലശങ്കര്‍ പറഞ്ഞതുപോലെ ഇവിടെ സിപിഎംബിജെപി കൂട്ടുകെട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണമെന്നും അത് ഒഴിവാക്കണമെന്നുമാണ് തന്റെ നിലപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു മാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല.
ഇരട്ടവോട്ടു വിവാദത്തിലെ പൊള്ളത്തരമാണ് ബോധ്യപ്പെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. യുഡിഎഫിലെ പ്രമുഖരുള്‍പ്പടെ പലര്‍ക്കും ഒന്നിലധികം വോട്ടുള്ളവരെന്ന് വാര്‍ത്തകള്‍ വന്ന് കഴിഞ്ഞു. വികെ ഇബ്രാഹീം കുഞ്ഞിന്റെ കുടുംബങ്ങള്‍ക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പലയിടങ്ങളിലും ഇരട്ട വോട്ടുണ്ട്. ഇരട്ട വോട്ടുകളില്‍ പരിശോധന നടക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താന്‍ പരിശോധന നടത്താറുണ്ട്. സിപിഎം ഇരട്ട വോട്ട് ചേര്‍ക്കുന്നുവെന്ന ആരോപണം തോല്‍വിക്കു മുന്‍കൂര്‍ ജാമ്യം എടുക്കലാണ്.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കരാറുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആവശ്യമില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം വസ്തുതകള്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമാണ്. അങ്ങനെയൊരു അന്വേഷണം നടക്കുന്നതില്‍ അസ്വസ്ഥത എന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker