BREAKING NEWSKERALALATEST

അവര്‍ എന്റെ മുഖത്ത് നോക്കി കള്ളാ എന്നു വിളിച്ചു; നിയമസഭയിലെ വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അവിശ്വാസ പ്രമേയം അവതരിപ്പിച്ച ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നായിരുന്നു മുഖ്യവിമര്‍ശനം. ഇത് തള്ളിയ മുഖ്യമന്ത്രി പ്രതിപക്ഷത്തെയാണ് വിഷയത്തില്‍ കുറ്റപ്പെടുത്തിയത്.
തന്റെ സംസാരം തടയാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്. അന്നു സഭയിലുണ്ടായ സംഭവവികാസങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി സംസ്‌കാര സമ്പന്നമെന്ന് ധരിച്ച് നടക്കുന്ന നമ്മള്‍ എന്ത് സംസ്‌കാരമാണ് അന്ന് സഭയില്‍ കണ്ടതെന്നാണ് ചോദിച്ചത്.
‘തെറികള്‍ ചേര്‍ത്തായിരുന്നു മുദ്രാവാക്യം.. എന്തെല്ലാം തെറികളാണ് വിളിച്ചു പറഞ്ഞത്. പറയാന്‍ പറ്റുന്നതും പറ്റാത്തതും ആയ എന്തെല്ലാം കാര്യങ്ങളാണ് നടുത്തളത്തിലിറങ്ങി വിളിച്ചത്. ആ വിളിച്ചവരാരും സംസ്‌കാരഹീനരാണെന്ന് പറയാന്‍ പറ്റില്ലല്ലോ.. പറയാന്‍ ഉള്ളത് കേള്‍ക്കാന്‍ നില്‍ക്കാതെ എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിക്കാനായിരുന്നു തിടുക്കം.
ഇതാണോ സംസ്‌കാരം. ഇതാണോ ശരിയായ രീതി. പറയാന്‍ ഉള്ളത് പോലും കേള്‍ക്കാന്‍ നിക്കാതെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. വിശദീകരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും കേള്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.. തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. മറുപടി പറയാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ നില്‍ക്കാതെ തെറി മുദ്രാവാക്യത്തിലേക്ക് പ്രതിപക്ഷം പോവുകയായിരുന്നു’ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Related Articles

Back to top button