തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ ചിലത് നടപ്പാക്കുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പല വകുപ്പുകളും സ്വന്തംനിലയ്ക്ക് തീരുമാനമെടുക്കുന്നതും തലവേദനയാവുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തിക്കേണ്ടിവന്നിരുന്നു. ഇവകൂടി കണക്കിലെടുത്താണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്.