BREAKING NEWSKERALALATEST

ഓണക്കാലത്ത് ആരും ബന്ധുവീട് സന്ദര്‍ശനം വേണ്ട, ഓണ്‍ലൈനില്‍ കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അസാധാരണമായ ലോകസാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നതെന്നും രോഗകാലത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പകര്‍ന്നാകണം ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കരുതലോടെ വേണം ഇത്തവണ ഓണത്തെ വരവേല്‍ക്കേണ്ടത്. ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതിയെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ കാലമുണ്ടെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഓണം. കൃത്യമായ കരുതലോടെ ആവണം ഓണത്തെ വരവേല്ക്കുന്നത്. കോവിഡ് 19 വ്യാപനം ഉണ്ടാകാനിടയുളള യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം പൊതുസദ്യയും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും പരിപൂര്‍ണമായും ഒഴിവാക്കണം.
ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകള്‍ സന്ദര്‍ശിക്കുന്ന പതിവുണ്ട്. ഇത്തവണ അത്തരം പതിവുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന വയോജനങ്ങളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യത്തില്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെക്കാനും ശ്രമിക്കുക. മുഖ്യമന്ത്രി പറഞ്ഞു.
വിപണികള്‍ ഏററവും കൂടുതല്‍ സജീവമാകുന്ന സമയമാണ് ഓണക്കാലമെന്നും ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിമിതികളുളളതിനാല്‍ ഷോപ്പിങ്ങിനായി പോകുമ്പോള്‍ കുട്ടികളെയും പ്രായമായരേയും കൊണ്ടുപോകാതിരിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വീട്ടില്‍നിന്ന് ഒന്നോ രണ്ടോ പേര്‍മാത്രം ഷോപ്പിങ്ങിനായി പോയാല്‍ മതിയെന്നും പോകുന്നവര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയ്യാറാകണം.
തിരക്കുകൂടുമ്പോള്‍ ഷട്ടര്‍ താഴ്ത്തുന്ന രീതി ചില കടക്കാര്‍ സ്വീകരിക്കാറുണ്ട്. അത് വായുസഞ്ചാരം കുറയുകയും രോഗം പടരാനുളള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ അപ്രകാരം ചെയ്യരുത്. കടകളില്‍ എത്ര ആളുകള്‍ വീതം കയറാമെന്നുളള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഹോം ഡെലിവറിയും ഓണ്‍ലൈന്‍ ഷോപ്പിങും സാഹചര്യമുളളവര്‍ പരമാവധി ആ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ തയ്യാറായത്.
തുണിക്കടകളില്‍ വസ്ത്രങ്ങള്‍ ധരിച്ച് നോക്കുന്ന രീതി ഒഴിവാക്കണം. അനാവശ്യമായി കടകളിലുളള മറ്റുവസ്തുക്കളില്‍ സ്പര്‍ശിക്കരുത്. ബില്‍ പണമായി നല്‍കാതെ കഴിയാവുന്നത്ര ഡിജിറ്റല്‍ പണമിടപാട് നടത്തുക. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. കടയില്‍ കയറുന്നതിന് മുമ്പും ഇറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. വീടുകളില്‍ തിരിച്ചെത്തിയാല്‍ ദേഹശുദ്ധി വരുത്താനും ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുത്ത് രോഗം പടരാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാകണം ഓണം ആഘോഷിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവിധ ഭേദഗതികള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി ഓണം പ്രചോദനമാകട്ടെയെന്നും കോവിഡ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ഓണം ആഘോഷിക്കാമെന്നും പറഞ്ഞ മുഖ്യമന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുകയും ചെയ്തു.

Related Articles

Back to top button