BREAKING NEWSKERALA

ഒപ്പ് തന്റേത് തന്നെ; കുഞ്ഞാലിക്കുട്ടിയും ബി.ജെ.പിയും ‘ഒക്കച്ചങ്ങാതിമാര്‍’

തിരുവനന്തപുരം: വ്യാജഒപ്പ് ആരോപണം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ പരിശോധനാ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണെന്നും ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല 2018 സെപ്റ്റംബര്‍ ആറ് എന്ന ദിവസം 39 ഫയലുകളില്‍ താന്‍ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയതിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഫയല്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ ഒരു വിശദീകരണം വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ പര്യടനത്തെ തുടര്‍ന്ന് ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന കെ.സി.ജോസഫിന്റെ പ്രസ്താവനക്ക് നല്‍കിയ വിശദീകരമണാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധരിച്ചത്. ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നതെന്നും ഇഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ടെന്നും ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ചുകൊടുത്താണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാളഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. സെപ്റ്റംബര്‍ ആറ് എന്നൊരു ദിവസം 39 ഫയലുകള്‍ ഒപ്പിട്ടുണ്ട്. ഫയലുകള്‍ തിരിച്ചയച്ചതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്.’ മുഖ്യമന്ത്രി പറഞ്ഞു. കൈയിലെ ഐപാഡ് ഉയര്‍ത്തി തന്റെ കൈയിലും ഐപാഡുണ്ടെന്നും യാത്രകളില്‍ താന്‍ അത് കൈയില്‍ കരുതാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘യാത്രാവേളയില്‍ എല്ലാദിവസവും ഫയലുകള്‍ അയയ്ക്കുമായിരുന്നു അത് നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് തിരിച്ചയയ്ക്കാറുണ്ട്. അപ്പോള്‍ ഒപ്പില്‍ യാതൊരു വ്യാജവുമില്ല.’
വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപിയുടെ ആരോപണം ഗൗരവതരമാണെന്ന മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തേയും അദ്ദേഹം ചിരിച്ചുതള്ളി. ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങള്‍ ലീഗ് ഏറ്റുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പറയുന്നതിന് ബലം കൊടുക്കാന്‍ ഇടപെടുക എന്നൊരുനിലപാടാണ് യുഡിഎഫ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണ ഉന്നയിച്ച ആളുകള്‍ക്ക് സാങ്കേതിക അറിയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയെ പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ഒരാള്‍ക്ക് ഇതേക്കുറിച്ച് അറിയാതെ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 2013 ഓഗസ്റ്റ് മുതല്‍ ഇ പ്രൊസസിങ് ഇ ഓഫീസ് സോഫ്‌റ്റ്വേര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അന്നുമുതല്‍ സര്‍ക്കാരിന് ഇത്തരം ഫയലുകള്‍ ഇ ഓഫീസ് വഴി തീര്‍പ്പാക്കാന്‍ സാധിക്കും. തിരുവനന്തപുരത്ത് നിന്ന് പുറത്തുപോകുന്ന സാഹചര്യങ്ങളിലെല്ലാം ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയലുകള്‍ ബിജെപി നേതാക്കളുടെ കൈയില്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘2018ല്‍ സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുന്നത് സെപ്തംബര്‍ 23നാണ്. സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഫയല്‍ എത്തുന്നു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. സെപ്തംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പുവെച്ചിരിക്കുന്നു. മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈ ഫയലില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ സിഗ്‌നേച്ചറല്ല’ എന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല പിണറായി വ്യാജനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker