KERALALATESTTOP STORY

മാധ്യമങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ ‘ഒക്കച്ചങ്ങായി’ പിടികിട്ടിയോ?; എന്നാ ഇതൊരു വടക്കന്‍ പ്രയോഗം

തിരുവനന്തപുരം: വ്യാജ ഒപ്പു വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇന്ന് ‘ഒക്കച്ചങ്ങായി’ പ്രയോഗം നടത്തിയത്. വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപിയുടെ ആരോപണം ഗൗരവമുള്ളതാണെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെ ചിരിച്ചുതള്ളി ആയിരുന്നു ‘ഒക്കച്ചങ്ങായി’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്.

മുഖ്യമന്ത്രി പറഞ്ഞത്; ‘ഒക്കച്ചങ്ങായിമാര്‍ പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങള്‍ ലീഗ് ഏറ്റുപിടിച്ചത്. ബി ജെ പി പറയുന്നതിന് ബലം കൊടുക്കാന്‍ ഇടപെടുക എന്നൊരു നിലപാടാണ് യുഡിഎഫ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആരോപണം ഉന്നയിച്ച ആളുകള്‍ക്ക് സാങ്കേതികത അറിയില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ഒരാള്‍ക്ക് ഇതിനെക്കുറിച്ച് അറിയാതെ വരില്ല’

ഒക്കച്ചങ്ങായി എന്താണെന്ന് മനസിലാകാത്തവര്‍ക്കായി

തലശ്ശേരി, പാനൂര്‍ സമീപപ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ഒക്കച്ചങ്ങായി’. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഇയാള്‍ ഒപ്പമുണ്ടാകും.

ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാകമ്പം വരാതെ കൂടെ നില്‍ക്കുക എന്നിവയൊക്കെയാണ് ഒക്കച്ചങ്ങായിയുടെ പണി.

ചുരുക്കത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകദിവസങ്ങളില്‍ അയാള്‍ക്ക് പരിഭ്രമവും പേടിയും ഒന്നും തോന്നാതിരിക്കാന്‍ ഒപ്പം നടക്കുന്ന ചങ്ങാതി ആണ് ‘ഒക്കച്ചങ്ങായി’

Related Articles

Back to top button