ന്യൂഡല്‍ഹി : ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി മംഗലാപുരം, പ്രകൃതി വാതക പൈപ്പു ലൈന്‍ 5ന് രാവിലെ വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. കേരളത്തിലും കര്‍ണ്ണാടകയിലും പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ ഒരു പ്രധാന നാഴികകല്ലാണ് ഇത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദുയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതി വാതക സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രഥാന് എന്നിവര്‍ പങ്കെടുക്കും.
ഗെയില്‍ (ഇന്ത്യാ) ലിമിറ്റഡ്, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന്, ഗെയില്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഇ.എസ്. രംഗനാഥന്, ഗെയില്‍ ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടര്‍ എം.വി. അയ്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
450 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ് ലൈന്‍, കൊച്ചിയിലെ ലിക്വിഫൈഡ് പ്രകൃതി വാതക (എല്‍എന്‍ജി) റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്നുള്ള വാതകം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി, കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലെ ജില്ലയായ മംഗലാപുരത്തെത്തും.
പെട്രോ കെമിക്കല്‍, ഊര്‍ജ്ജം രാസവളം മേഖല എന്നിവയ്ക്ക് സംശുദ്ധമായ ഇന്ധനമാണ് പൈപ്പ് ലൈന്‍ ഓഫര്‍ ചെയ്യുന്നത്. മള്‍ട്ടിപ്പിള്‍ വാതകാധിഷ്ടിത വ്യവസായങ്ങള്‍ക്ക് വളരാന്‍ ഉള്ള അവസരം സൃഷ്ടിക്കും. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് വ ഴിയൊരുക്കും.
പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ചില പ്രതിസന്ധികള്‍ ഉരുത്തിരിഞ്ഞെങ്കിലും അത് മറികടക്കാനായി. 2016 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാവുകയും മുഴുവന്‍ പൈപ്പുലൈനും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും ചെയ്തു. കേരള സര്‍ക്കാരിന്റെയും കര്‍ണ്ണാടക സര്‍ക്കാരിന്റെയും സമ്പൂര്‍ണ്ണ സഹകരണത്തിലെ ഒരു നാഴികക്കല്ലു കൂടിയാണ് പൈപ്പ് ലൈന്‍.