LATESTNATIONAL

വഴിയില്‍ വലിച്ചെറിഞ്ഞ വേസ്റ്റ് എടുത്തുമാറ്റാന്‍ കാര്‍ തിരികെ ഓടിക്കേണ്ടിവന്നത് 80 കിലോ മീറ്റര്‍

അടുത്ത തവണ ഹൈവേയില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ച് വേസ്റ്റെല്ലാം സൈഡ് ഗ്ലാസ് തുറന്ന് പുറത്തേക്ക് വലിച്ചെറിയും മുമ്പ് രണ്ടു വട്ടം ആലോചിക്കണം. അങ്ങനെ ചെയ്തിട്ട് തടിതപ്പാന്‍ എന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. എന്നാണ്, കര്‍ണാടകയിലെ മടിക്കേരിയില്‍ നടന്ന ഒരു സംഭവം തെളിയിക്കുന്നത്. കുടക് വഴി കാറില്‍ പോയ ചില യുവാക്കള്‍ പ്രദേശത്തെ ഒരു പിസാ ഷോപ്പില്‍ നിന്ന് ഒരു പിസ വാങ്ങി. കാറില്‍ ഇരുന്നു തന്നെ അത് ശാപ്പിട്ടു. പിസ പാക്ക് ചെയ്തു തന്നെ കാര്‍ഡ് ബോര്‍ഡ് ബോക്‌സും ബാക്കിവന്ന മസാലപ്പൊടികളും ഒക്കെ അവര്‍ വിന്‍ഡോ തുറന്ന് നേരെ പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് കാറോടിച്ച് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോവുകയും ചെയ്തു.
എന്നാല്‍, ഇവര്‍ ഇങ്ങനെ ചെയ്തതിനു പിന്നാലെ അവിടെ എത്തിയ കുടക് ടൂറിസം അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ ഭക്ഷ്യാവശിഷ്ടം കണ്ടു കോപിഷ്ഠനായി. നിരവധി വിനോദ സഞ്ചാരികള്‍ വരുന്ന ഒരിടം എന്ന നിലയില്‍ കൂര്‍ഗ് മാലിന്യങ്ങള്‍ നിരന്തരം നിക്ഷേപിക്കപ്പെടുന്ന ഒരു പ്രദേശം കൂടിയാണ്. ഇത് പരിഗണിച്ചു കൊണ്ട് ഇടവിട്ടിടവിട്ട് നിരവധി ചവറ്റു കൊട്ടകള്‍ സ്ഥാപിച്ചും, മാലിന്യം റോഡില്‍ നിക്ഷേപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ വെച്ചുമൊക്കെ ‘ക്‌ളീന്‍ കുടക്’ പദ്ധതി പരമാവധി കര്‍ശനമാക്കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ വീണ്ടും ഇങ്ങനെ നിരുത്തരവാദിത്തപരമായ ഒരു പെരുമാറ്റം സന്ദര്‍ശകരുടെ ഭാഗത്തു നിന്നുണ്ടായിക്കണ്ടപ്പോള്‍ അദ്ദേഹം അതിന്റെ പിന്നാലെ പോകാന്‍ തന്നെ തീരുമാനിച്ചു. ആ ബോക്‌സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു ബില്ല് കണ്ടു അദ്ദേഹം. ആ ബില്ലില്‍ അത് വാങ്ങിച്ചു കഴിച്ച ആളിന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം ഉടനെ ആ നമ്പറില്‍ വിളിച്ച്, തിരികെവന്നു റോഡില്‍ നേരത്തെ വലിച്ചെറിഞ്ഞ മാലിന്യം പെറുക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ക്ഷമാപണമൊക്കെ നടത്തി എങ്കിലും, കുടകില്‍ നിന്ന് തിരികെ പോയിക്കഴിഞ്ഞു, ഇനി തിരികെ വന്ന് അത് പെറുക്കാന്‍ പറ്റില്ല എന്ന് ഫോണെടുത്തവര്‍ അറിയിച്ചു.
അതോടെ വാശികയറിയ സെക്രട്ടറി ആ അഡ്രസിലുള്ള വീട് നില്‍ക്കുന്നിടത്തെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. ലോക്കല്‍ സ്റ്റേഷനില്‍ നിന്ന് എസ്‌ഐ വിളിച്ച് ആവശ്യപ്പെട്ടിട്ടും തിരികെ 80 കിലോമീറ്റര്‍ ഡ്രൈവ് ചെയ്തു ചെന്ന് ആ മാലിന്യം പെറുക്കാന്‍ അവര്‍ തയ്യാറായില്ല.
അതോടെ അവരുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിക്കൊണ്ടായി സെക്രട്ടറിയുടെ കാമ്പെയ്ന്‍. അതില്‍ എന്തായാലും യുവാക്കളുടെ മനസ്സുമാറി. അവര്‍ തിരികെ വരാനും, വേസ്റ്റ് കോരി മാറ്റി അടുത്തുള്ള ചവറ്റുകൂനയായില്‍ കൊണ്ടിടാനും അവര്‍ തയ്യാറായി. അവര്‍ ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് അത് ഇത്രയും പ്രയാസങ്ങള്‍ നേരിട്ടിട്ടാണെങ്കിലും തിരുത്താന്‍ തയ്യാറായ യുവാക്കളെ അധികൃതര്‍ അഭിനന്ദിച്ചു. ഇത്തരത്തില്‍ പൊതുനിരത്തുകളില്‍ മാലിന്യം എറിയുന്നവര്‍ ആരായാലും, അവര്‍ എവിടെ പോയി എന്ന് ഒളിച്ചാലും, തിരികെ അതേ സ്ഥലത്തുതന്നെ കൊണ്ടുവരും എന്നും ഇതുപോലെ ഇനിയും മാലിന്യം പെറുക്കിക്കും എന്നും സെക്രട്ടറി ഉറപ്പിച്ചു പറയുന്നുണ്ട് ഇപ്പോള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker