കോട്ടയം: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ കരുത്താര്‍ജ്ജിച്ച് ജോസ് കെ.മാണി പക്ഷം. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ജോസഫ് പക്ഷത്തിനു വലിയ തിരിച്ചടിയായി. പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ വ്യക്തമാക്കിയത്.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്റെ പേരില്‍ പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
യുഡിഎഫ് ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് ജോസ് പക്ഷം ചേക്കേറുമെന്നാണ് സൂചന. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ വ്യത്യസ്ത നിലപാടുണ്ടായിരുന്നത് സിപിഐയ്ക്ക് മാത്രമാണ്. ഇപ്പോള്‍ സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.
യുഡിഎഫ് വിട്ട് വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ”എല്‍ഡിഎഫ് എന്നത് പ്രതൃശശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫാകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ട് യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ കക്ഷിയല്ല. എന്നാല്‍, യുഡിഎഫ് വിട്ടുവരുന്നവരെ രാഷ്ട്രീയ നിലപാട് നോക്കി സ്വീകരിക്കും,” കോടിയേരി പറഞ്ഞു.