BREAKING NEWSNATIONAL

പിഎം സര്‍ ഞാന്‍ ആരോടാണ് പ്രാണവായു ചോദിക്കേണ്ടത്… മോദിയോട് കെജ്രിവാള്‍

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോവിഡ് സാഹചര്യം വില!യിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേജ്രിവാള്‍ അഭ്യര്‍ഥന നടത്തിയത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം വലിയതോതിലുണ്ട്. ഇവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലേ യോഗത്തില്‍ കേജ്രിവാള്‍ ചോദിച്ചു.
ഓക്‌സിജന്റെ ആവശ്യത്തിനായി താന്‍ ആരെയാണ് വിളിക്കേണ്ടതെന്ന് നിര്‍ദേശിക്കുക. ആളുകളെ മരിക്കാന്‍ അനുവദിക്കാനാവില്ല. കര്‍ശന നടപടിയെടുക്കാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്. അല്ലാത്തപക്ഷം ഡല്‍ഹിയില്‍ വന്‍ ദുരന്തമുണ്ടാകും കേജ്രിവാള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗത്തിലെ ചര്‍ച്ച ടിവിയിലൂടെ തല്‍സമയം പ്രക്ഷേപണം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേജ്രിവാള്‍ പങ്കെടുത്ത ഭാഗമാണ് തല്‍സമയം പ്രക്ഷേപണം ചെയ്തത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഓക്‌സിജന്‍ ലഭിക്കാതെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികളാണ് മരിച്ചത്. രണ്ട് മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്. 60 രോഗികളുടെ ജീവന്‍ അപകടത്തിലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകളും ബിപാപ്പും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല.
ഐസിയുവുകളിലും എമര്‍ജന്‍സിയിലും കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വെന്റിലേഷനെ ആശ്രയിക്കുകയാണ്. വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അപകടസാധ്യതയുള്ള 60 രോഗികളുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. വ്യോമമാര്‍ഗം ഓക്‌സിജന്‍ എത്തിക്കേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button