തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന കത്തുമായി സായുധ സേനാ കമാന്‍ഡന്റ്. സര്‍വീസിന്റെ തുടക്കത്തില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ പോലീസുകാരുടെ സര്‍വീസിനെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും ഈ അനുഭവങ്ങളാണ് അവരെ ഭാവിയില്‍ ‘മൈക്കിളും വര്‍ഗീസു’മൊക്കെ ആക്കാന്‍ പ്രചോദനം നല്‍കുന്നതെന്നും കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ അനുഭവിച്ച ദുരിതം വ്യക്തമാക്കിയുള്ള കത്തില്‍ അഭയ കേസ് അന്വേഷിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയാണ് സൂചിപ്പിക്കുന്നതെന്നാണ് പോലീസുകാര്‍ക്കിടയിലെ സംസാരം.
കെ.എ.പി. മൂന്നാം ബറ്റാലിയനില്‍നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് കമാന്‍ഡന്റ് ജെ. ജയനാഥ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയത്. കന്നാലിക്കൂട്ടങ്ങളെ കാണുമ്പോലെയാണ് പോലീസ് ഉദ്യോഗസ്ഥരെ കണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായും കത്തില്‍ പറയുന്നു. വരും തിരഞ്ഞെടുപ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ആവശ്യമായ സൗകര്യമൊരുക്കണമെന്ന നിര്‍ദേശവും വെച്ചിട്ടുണ്ട്. പോലീസ് മേധാവിയുടെ കത്തുകള്‍ക്ക് പരിഹാസരൂപേണ മറുപടി നല്‍കുന്നുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജെ. ജയനാഥ്.
കെ.എ.പി. മൂന്നാം ബറ്റാലിയനില്‍നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 720 പേരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരുന്നു കത്ത്. സായുധസേനാ എ.ഡി.ജി.പി.ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയതിനൊപ്പം പോലീസ് സംഘടനകള്‍ക്കും പകര്‍പ്പ് കൈമാറി. സേനയില്‍ പ്രവേശിച്ച് മൂന്ന് ദിവസമായവരെപ്പോലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചെന്നും അവര്‍ക്ക് തുടക്കത്തില്‍ ലഭിച്ച അനുഭവങ്ങള്‍ ഭാവിയില്‍ സ്വാധീനിക്കുമെന്നും കത്തില്‍ പറയുന്നു. ലഭിക്കേണ്ട യാത്രാബത്തപോലും കൃത്യമായി നല്‍കാനായില്ല. ബി.ഐ.എം.എസ്. സോഫ്റ്റ്വേറിനുണ്ടായ പിഴവാണ് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇത് പരിഹരിക്കണം. ആസൂത്രണത്തിലുള്ള പിഴവാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും കത്തില്‍ പറയുന്നു.
പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും അച്ചടക്കലംഘനത്തിനും ജയനാഥിനെതിരേ കഴിഞ്ഞ ദിവസം വകുപ്പുതല അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, റോഡ് സുരക്ഷാ കമ്മിഷണര്‍ ഡോ. ബി. അശോക് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.