BREAKING NEWSKERALA

പോലീസിനെ നന്നാക്കാന്‍ മാര്‍ഗരേഖ; അറസ്റ്റിനു കര്‍ശന ചട്ടങ്ങള്‍, 65 കഴിഞ്ഞവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്

ന്യൂഡല്‍ഹി: പോലീസിനെ കൂടുതല്‍ ജനകീയമാക്കുകയും മാനുഷികമൂല്യങ്ങളുള്ളവരാക്കുകയും ചെയ്യുന്നതിനുള്ള പരിഷ്‌കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ബി.പി.ആര്‍.ഡി.) കരടുമാര്‍ഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു.
പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്നതാണ് പ്രധാന നിര്‍ദേശം. സ്ത്രീകളെയും 65 വയസ്സില്‍ കൂടുതലുള്ളവരെയും 15 വയസ്സില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്കു വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല.
കസ്റ്റഡി പീഡനങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബി.പി.ആര്‍.ഡി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പോലീസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം.
ഹാജരാവാന്‍ വിസമ്മതിച്ചെങ്കില്‍ മാത്രമേ അറസ്റ്റുചെയ്യാവൂ. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ്.
അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ വ്യക്തമായി എഴുതിത്തയ്യാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ. അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം. എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങള്‍ കൈമാറണം. ജാമ്യമില്ലാക്കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റില്‍ മാത്രമേ വിലങ്ങു വെക്കാവൂ. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാപോലീസ് ഇല്ലെങ്കില്‍ ഒരു സ്ത്രീയെ അനുഗമിക്കാന്‍ അനുവദിക്കണം.
കസ്റ്റഡിയില്‍ എടുത്തശേഷം അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം. ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം. ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന. നിശ്ചിത ഇടവേളകളില്‍ വെള്ളവും ഭക്ഷണവും. ശാരീരിക പീഡനമേല്‍പ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം. വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസേന ഉറപ്പാക്കണം തുടങ്ങിയ നര്‍ദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. പോലീസിനെതിരേയുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker