BREAKING NEWSKERALA

പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണ്ണറെ സമീപിക്കും

തിരുവനന്തപുരം: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണ്ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇന്നോ നാളെയോ തന്നെ ഗവര്‍ണ്ണര്‍ക്ക് ഫയല്‍ അയക്കും. സര്‍ക്കാരിനു മുന്നില്‍ മൂന്ന് പോംവഴിയാണുള്ളത്. ഒന്ന് നിയമസഭ ചേരുന്ന ദിവസം മുതലുള്ള 42 ദിവസമാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. അതിനുള്ളില്‍ ബില്‍ കൊണ്ട് വന്ന് നിയമം പാസ്സാക്കിയില്ലെങ്കില്‍ സ്വാഭാവികമായും ഓര്‍ഡിനന്‍സ് റദ്ദാകും.
നിയമസഭയില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു എന്ന പ്രമേയം പാസ്സാക്കുകയാണ് രണ്ടാമത്തെ പോംവഴി. സഭാ സമ്മേളനം ചേരാത്തതിനാലും ജനുവരി ഫെബ്രുവരി മാസങ്ങളിലാവും അടുത്ത സമ്മേളനമെന്നതിനാലും ഈ രണ്ട് മാര്‍ഗ്ഗങ്ങളും സര്‍ക്കാരിന് അവലംബിക്കാനാവില്ല.
അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം ഗവര്‍ണ്ണറെ സമീപിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു വാങ്ങുക എന്നതാണ്. ഈ മാര്‍ഗ്ഗം സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഗവര്‍ണ്ണര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഉടന്‍ അയക്കും.
സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാല്‍ നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിവാദപൊലീസ് നിയമ പരിഷ്‌കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് 3.30ന് മന്ത്രിസഭായോ?ഗം ചേരുകയും വിവാദഭേദ?ഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണോ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന ചോദ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്ന പരാതിയോടെയാണ് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകുമെന്ന് പോളിറ്റ് ബ്യൂറോ അം?ഗം എംഎ ബേബിയും തുറന്ന് പറഞ്ഞിരുന്നു.

Related Articles

Back to top button