KERALABREAKING NEWS

പൊലീസ് നിയമഭേദഗതി വിവാദം; മാര്‍ഗനിര്‍ദേശം രണ്ട് ദിവസത്തിനുള്ളില്‍

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി അനുസരിച്ച് പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകില്ല. പരാതികള്‍ പരിശോധന നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതികള്‍ ഉണ്ടാക്കാനാണ് ശ്രമം. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കും.
മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും പൊലീസ് നിയമഭേദഗതി തടയിടുമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മാര്‍ഗ നിര്‍ദ്ദേശം കൊണ്ടുവരാന്‍ ഡിജിപി തീരുമാനിച്ചത്. നിലവില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ പുതിയ ഭേദഗതി പ്രകാരം ഒരു പരാതിയെത്തിയാല്‍ അപ്പോള്‍ തന്നെ കേസെടുക്കേണ്ടെന്നാണ് ധാരണ. പരാതി പരിശോധിച്ച് തുടര്‍നടപടി എടുക്കാനായി സമിതിയെ വെക്കാനാണ് സാധ്യത. ഓരോ സബ് ഡിവിഷനിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സമിതിയോ ജില്ലാ തല സമിതിയോ ഇതിനായി രൂപീകരിക്കും. ഈ സമിതികള്‍ അനുമതി നല്‍കുന്ന പരാതികളിലാകും കേസെടുക്കുക.
കേസ് എങ്ങിനെ രജിസ്റ്റര്‍ ചെയ്യണം, അന്വേഷണം എങ്ങിനെ നടത്തണം, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അറസ്റ്റിലേക്ക് എങ്ങനെ നീങ്ങണം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി രണ്ട് ദിവസത്തിനുള്ളില്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കും. നിയമ വിദഗ്ധരുടെയും അഭിപ്രായം പൊലീസ് തേടിയിട്ടുണ്ട്. പക്ഷെ പുതിയ ഓര്‍ഡിനന്‍സില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഭേദഗതിയെ ചോദ്യം ചെയ്ത കോടതികളിലേക്ക് നീങ്ങാനും ചില സംഘടകള്‍ തയ്യാറെടുക്കുന്നുണ്ട്. ഭരണഘടന വിരുദ്ധമാണ് ഭേഗതിയെന്നക്ഷേപവുമായി മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
അതേസമയം, പൊലീസ് നിയമ ഭേദഗതിയില്‍ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തി. തിരുത്തലിന് ഉടന്‍ സിപിഎം പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയേക്കും. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് സംസാരിച്ചു. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു

Related Articles

Back to top button