BREAKINGKERALA

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 2 ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് പൊലീസ് അസോസിയേഷന്‍, ആവശ്യപ്പെട്ടത് ജില്ലാസമ്മേളനത്തില്‍

കൊച്ചി: സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് കേരളാ പൊലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാര്‍ത്ത് ജീവനക്കാര്‍ക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പില്‍ പങ്കാളികളായ പല ആശുപത്രികളില്‍ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭിക്കേണ്ട ഡി എ കുടിശിക ഉടനടി തീര്‍ത്ത് നല്‍കണം. വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവുകള്‍ കണക്കിലെടുത്ത് ഭാവിയില്‍ സമയബന്ധിതമായി ഡി എ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയില്‍ നടക്കുന്ന കെ പി എ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് പി എസ് ഷിയാസ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button