തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപ. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റര്‍ വാടകയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ആണ് ഹെലിക്കോപ്റ്റര്‍ വാടകയുടെ പേരില്‍ ഉള്ള സര്‍ക്കാര്‍ ധൂര്‍ത്ത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി 1 കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക.
ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡല്‍ഹി ആസ്ഥാനമായ പവന് ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം. ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഹെലികോപ്റ്റര്‍ എത്തിയത്. തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന് ഹന്സിന് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറനൂറ് രൂപ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന പോലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്പോള്‍ ആണ് പൊലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയില്‍ നിന്നും കോടികള്‍ നല്‍കുന്നത്. ഹെലികോപ്റ്റര്‍ വന്നതിന് ശേഷം 5 പ്രാവശ്യം മാത്രമാണ് പറന്നിട്ടുള്ളത്. എന്നാല്‍ പെട്ടിമുടി ഉള്‍പ്പടെയുള്ള ദുരന്തം ഉണ്ടായപ്പോള്‍ ഹെലിക്കോപ്റ്റര്‍ പ്രയോജനം ചെയ്തില്ല. മാത്രമല്ല ആദ്യ പരിശീലന പറക്കലില്‍ തന്നെ ഹെലിക്കോപ്റ്ററില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞു.