KERALALATEST

ഷെരീഖിനെ പൊലീസ് കൊണ്ടുപോയത് കേസ് എന്തെന്നു പറയാതെ, പിന്നെ അറിഞ്ഞത് മരണവാര്‍ത്തയെന്ന് ഭാര്യ

കോട്ടയം: തട്ടിപ്പു കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിന്റെ (36) ഭാര്യ സെറീന പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്നു ഷെഫീഖ് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന പറഞ്ഞു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോള്‍ വൈകിട്ട് മൂന്നിനാണ് മരണം. ‘ഷെഫീഖിന്റെ തലയ്ക്ക് പിന്നില്‍ വലിയ മുറിവുണ്ട്. ഇത് പൊലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണ്, മര്‍ദനമാണ് മരണകാരണം’– പിതാവ് മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലാണ് ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാന്‍ കാരണമെന്നു കരുതുന്നതായി ന്യൂറോ സര്‍ജന്‍ ഡോ. പി.കെ.ബാലകൃഷ്ണന്‍ പറഞ്ഞു. ഞരമ്പു പൊട്ടിയതല്ലെന്നും വീഴ്ച മൂലമോ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതു മൂലമോ ആകാം ക്ഷതമേറ്റതെന്നും പറഞ്ഞു.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്തെന്ന കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ പാര്‍പ്പിച്ചു. അപസ്മാരബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അറസ്റ്റ് ചെയ്ത 11നു വൈകിട്ടു തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതാണെന്ന് ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബാലന്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഹാരിസ് റഷീദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി.

Related Articles

Back to top button