BREAKING NEWSKERALA

യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനമായി ക്ലിഫ് ഹൗസില്‍; അഞ്ച് പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയില്‍ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്‌ഐയെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. ക്ലിഫ് ഹൗസിന്റ ഗേറ്റ് വരെ പ്രവര്‍ത്തകരെത്തിയിരുന്നു.
സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. രാതി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഒരു സംഘം പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ധര്‍ണ്ണനടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
അപ്രതീക്ഷിത നീക്കത്തില്‍ പൊലീസും ഞെട്ടി. ഏഴ് പേര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലാണ് സാധാരണ മാര്‍ച്ചുകള്‍ തടയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയത് വന്‍ സുരക്ഷാ വീഴ്ചയാണ്. പ്രത്യേക സുരക്ഷാ മേഖലയിലാണ് വീഴ്ച ഉണ്ടായത്. പുതിയ സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button