BREAKINGKERALA

‘ബി.എന്‍.എസിലെ ഏത് വകുപ്പ് ചുമത്തും’, ഉത്തരം കിട്ടിയില്ല, വനിതാ എസ്.ഐ.ക്ക് ഇമ്പോസിഷന്‍ ‘ശിക്ഷ’ നല്‍കി എസ്.പി

പത്തനംതിട്ട: ഭാരതീയ ന്യായസംഹിത(ബി.എന്‍.എസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് വനിതാ എസ്.ഐ.ക്ക് എസ്.പി.യുടെ ഇമ്പോസിഷന്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ഉത്തരം വെള്ളക്കടലാസില്‍ ഇമ്പോസിഷന്‍ എഴുതി അതിന്റെ ചിത്രം ഇ-മെയില്‍ വഴി അയക്കാന്‍ നിര്‍ദേശിച്ചത്. കൂടല്‍ സ്റ്റേഷനിലെ വനിതാ എസ്.ഐ.ക്കാണ് എസ്.പി.യുടെ വക ഇമ്പോസിഷന്‍ ശിക്ഷ കിട്ടിയത്.
എല്ലാദിവസവും രാവിലെ ജില്ലാ പോലീസ് മേധാവി സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനില്‍ യോഗം ചേരാറുണ്ട്. ഓരോ സ്റ്റേഷനിലും 24 മണിക്കൂറിനിടെയുണ്ടായ സംഭവങ്ങളും കേസുകളുമാണ് ഈ യോഗത്തില്‍ സ്റ്റേഷന്‍ ചുമതലുള്ള ഉദ്യോഗസ്ഥര്‍ എസ്.പി.യോട് വിവരിക്കേണ്ടത്. ഇത്തരത്തില്‍ അഞ്ചുദിവസം മുന്‍പ് നടന്ന യോഗത്തിനിടെയാണ് വനിതാ എസ്.ഐ.ക്കെതിരേ നടപടിയുണ്ടായത്.
കൂടല്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവം വിവരിച്ച വനിതാ എസ്.ഐ.യോട് ഭാരതീയ ന്യായസംഹിത പ്രകാരം ഇതില്‍ ഏത് വകുപ്പാണ് ചുമത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എസ്.പി. ചോദിച്ചിരുന്നു. എന്നാല്‍, എസ്.ഐ.ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാനായില്ല. തുടര്‍ന്ന് ചുമത്തേണ്ട വകുപ്പുകളുടെ വിശദാംശങ്ങള്‍ പറഞ്ഞുനല്‍കിയ എസ്.പി, ഇക്കാര്യങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായസംഹിത സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പലകുറി പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എസ്.പി.യുടെ ചോദ്യത്തിന് എസ്.ഐ.ക്ക് ഉത്തരംമുട്ടിയത്. തുടര്‍ന്ന് വനിതാ എസ്.ഐ ഇരുപതുതവണ ഉത്തരം വെള്ളക്കടലാസില്‍ എഴുതി അതിന്റെ ചിത്രം അയച്ചുകൊടുത്തതായാണ് വിവരം.
അതേസമയം, സംഭവത്തില്‍ എസ്പിയോട് പ്രതികരണം തേടിയപ്പോള്‍ പൊട്ടിച്ചിരിച്ച് കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. പോലീസില്‍ ഇത് പുതിയകാര്യമല്ലെന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് ആദ്യമായിട്ടാകാമെന്നും അതിനാലാണ് കൗതുകം തോന്നുന്നതെന്നും എസ്.പി. പറഞ്ഞു. നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടുതവണ വിശദാംശങ്ങള്‍ എഴുതി മെയില്‍ ചെയ്യാനാണ് നിര്‍ദേശിച്ചതെന്നും അത് എസ്.ഐ. പാലിച്ചെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button