KERALALATEST

പിടിച്ചെടുത്ത മീന്‍ മറിച്ചുവിറ്റ പോലീസുകാര്‍ക്ക് പണീഷ്‌മെന്റ് ട്രാന്‍സ്ഫര്‍

തിരുവനന്തപുരം: പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടുപോവുകയും മറിച്ചുവില്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടി. മംഗലപുരം പോലീസ് സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐ.മാരെയാണ് നെയ്യാറ്റിന്‍കരയിലെ എ.ആര്‍. ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. സംഭവത്തില്‍ മൂവരും കുറ്റക്കാരാണെന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലോക്ക്ഡൗണ്‍ ലംഘിച്ച് വില്‍പ്പന നടത്തിയെന്ന് ആരോപിച്ചാണ് മംഗലപുരം പോലീസ് നാട്ടുകാരില്‍നിന്ന് മീന്‍ പിടിച്ചെടുത്തത്. കഠിനംകുളം കായലില്‍നിന്ന് വലവീശി പിടിച്ച കരിമീനും വരാലും തിലോപ്പിയുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിടിച്ചെടുത്ത മീനെല്ലാം പിന്നീട് പോലീസുകാര്‍ തന്നെ പങ്കിട്ടെടുത്തു. ബാക്കി ഇടനിലക്കാര്‍ വഴി വില്‍ക്കുകയും ചെയ്തു.
പിടിച്ചെടുത്ത മീന്‍ പോലീസുകാര്‍ വീട്ടില്‍കൊണ്ടുപോയി പൊരിച്ചും കറിവെച്ചും കഴിച്ചു. പക്ഷേ, മീന്‍ കഴിച്ച് അധികസമയമാകുന്നതിന് മുന്നേ സംഭവത്തില്‍ പരാതി ഉയര്‍ന്നു. പോലീസ് ജീപ്പില്‍ മീന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെയാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. അന്വേഷണം നടത്തിയത്.
മംഗലപുരം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ഗോപകുമാര്‍, രാധാകൃഷ്ണന്‍, പത്മകുമാര്‍ എന്നിവരെയാണ് അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നടപടിയുടെ ഭാഗമായി ഇവരെ എ.ആര്‍. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.ഐ.ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് എസ്.ഐ.ക്കെതിരേ നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം.

Related Articles

Back to top button