BREAKING NEWSKERALA

സംസ്ഥാനത്ത് മികച്ച പോളിങ്; ഉച്ചയോടെ 50% കടന്നു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ ഉയര്‍ത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യു.ഡി.എഫ്. നേതാക്കള്‍ പോളിങ് ദിനത്തില്‍ പ്രസ്താവനകള്‍ നടത്തിയത്. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ഇരു മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തി.
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.

Related Articles

Back to top button