തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 5 ജില്ലകളില്‍ പോളിങ് 50 ശതമാനം കടന്നു. ഉച്ചയ്ക്ക് 1.30വരെ വരെ 51.45% പോളിങ്. പോളിങ് ആറര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 52.95%. തിരുവനന്തപുരത്താണു താരതമ്യേന കുറവ്. 46.72%. കൊല്ലം 50.53%, പത്തനംതിട്ട 51.12%, ഇടുക്കി 51.79% എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉച്ചയ്ക്ക് 1.30 വരെ 38. 87 ശതമാനവും കൊല്ലം കോര്‍പറേഷനില്‍ 41.51 ശതമാനവും സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തി. 5 ജില്ലകളിലായി ആകെ 88.26 ലക്ഷം വോട്ടര്‍മാരാണുള്ളത്.
വൈകിട്ട് 6 വരെയാണ് വോട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ്; 24,584 സ്ഥാനാര്‍ഥികള്‍. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഓരോ സ്ഥാനാര്‍ഥികള്‍ മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി.
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചു ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലാണു സംഭവം. അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ നടപടിയെന്നു ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥയ്ക്കെതിരെ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.