BREAKING NEWSKERALALATEST

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണം; പൊങ്കാല ക്ഷേത്ര വളപ്പിലെ പണ്ടാര അടുപ്പില്‍ മാത്രം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം അനുസരിച്ച് ഭക്തര്‍ക്ക് ക്ഷേത്ര വളപ്പില്‍ പൊങ്കാല ഇടാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും പൊങ്കാലയിടുക. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് നിര്‍ദ്ദേശിച്ചു. അതേസമയം, പൊങ്കാല ദിവസം പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി ഉണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസം ആയിരുന്നു. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ആയിരിക്കും ആറ്റുകാല്‍ ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം.
എന്നാല്‍, ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് പൊതു നിരത്തുകളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കില്ല. അതേസമയം, ഗ്രീന്‍ പ്രോട്ടോക്കാളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.
കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കും. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Back to top button