BREAKINGNATIONAL

‘അന്വേഷണ സമിതിക്ക് മുമ്പാകെ എല്ലാം പറയും’; മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കര്‍

മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കര്‍. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പറഞ്ഞു. സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേദ്കറിനെതിരായ ആരോപണം.
‘ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്രസമിതിക്ക് മുമ്പാകെ ഞാന്‍ മൊഴി നല്‍കും. ഞാനോ മാധ്യമങ്ങളോ ജനങ്ങളോ അല്ല, സമിതിയാണ് അന്തിമതീരുമാനമെടുക്കുക. സമിതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ട്രെയിനി എന്ന നിലയില്‍ ജോലി ചെയ്യുകയും പഠിക്കുകയുമാണ് ഞാനിവിടെ ചെയ്യുന്നത്. അക്കാര്യത്തില്‍ എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല.’ -പൂജ ഖേദ്കര്‍ പറഞ്ഞു.
‘സമിതിയുടെ തീരുമാനം എപ്പോഴാണ് പുറത്തുവരുന്നത്, അത് പൊതുസമൂഹത്തിന് മുമ്പിലുണ്ടാകും. ആര്‍ക്കും അത് വിശദമായി പരിശോധിക്കാം. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങള്‍ നിരപരാധിയാണെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. അതിനാല്‍ മാധ്യമവിചാരണയിലൂടെ എന്നെ കുറ്റക്കാരിയാക്കുന്നത് ശരിയല്ല.’ -പൂജ കൂട്ടിച്ചേര്‍ത്തു.
പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റി.
പിന്നാലെ പൂജ ഖേദ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പിന്നാലെ വന്ന ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെയാണ് പൂജയുടെ യോഗ്യതകള്‍ അന്വേഷിക്കാന്‍ കേന്ദ്രം ഏകാംഗസമിതി രൂപവത്കരിച്ചത്. ഇതിന് പിന്നാലെ പൂജയുടെ അമ്മയ്ക്കെതിരെ പുണെ പോലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൂജയുടെ അമ്മ മനോരമ ഖേദ്കറിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായും വാര്‍ത്ത വന്നു. നവിമുംബൈ പോലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. മേയ് 18-ന് പന്‍വേല്‍ പോലീസ് എടുത്ത കേസിലായിരുന്നു പൂജയുടെ ഇടപെടല്‍.

Related Articles

Back to top button