മുംബൈ: അധികാര ദുര്‍വിനിയോഗം ആരോപിച്ച് നടപടി നേരിട്ട അസി.കളക്ടര്‍ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പുണെ ട്രാഫിക് പോലീസ്. സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കുകയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാഹനം പിടിച്ചെടുത്തത്. കൂടാതെ, 21 ഗതാഗത നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയടയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രാഫിക് പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ ശനിയാഴ്ച രാത്രി ഖേദ്കറിന്റെ ഡ്രൈവര്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറി. വാഹനത്തിന്റെ ഉടമസ്ഥരോട് കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. സ്വകാര്യ വാഹനത്തില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സംഭവം വലിയ വിവാദമായതിന് പിന്നാലെ പൂജ ഖേദ്കറെ സ്ഥലം മാറ്റിയിരുന്നു.
പ്രൊബേഷന്‍ കാലയളവില്‍ സര്‍ക്കാര്‍ നല്‍കാത്ത പലസൗകര്യങ്ങളും അസി. കളക്ടര്‍ ഉപയോഗിച്ചിരുന്നതായാണ് ആരോപണം. സ്വകാര്യ ഔഡി കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ച കളക്ടര്‍, കാറിന് മുകളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ കൈയേറിയതിലും പൂജയ്ക്കെതിരേ അന്വേഷണമുണ്ടായിരുന്നു.
പൂജയുടെ കാറിനെച്ചൊല്ലിയും ഓഫീസിലെ നടപടികളെക്കുറിച്ചും വിവാദമുയര്‍ന്നതോടെ പൂണെ കളക്ടര്‍ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. മകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദം ചെലുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെ, പൂജ സമര്‍പ്പിച്ചിരുന്ന ജാതി സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലിയും ഇവര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചും പരാതികളുണ്ടായി. തുടര്‍ച്ചയായി ആരോപണങ്ങളുയര്‍ന്നതോടെ പൂജയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
71 1 minute read