ആലപ്പുഴ: ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക, കരള്‍ രോഗങ്ങളെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.
ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലീം സംഘടനകളെ വിവിധ വിഷയങ്ങളില്‍ ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമിച്ചു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ എന്നീ പദവികളും വഹിച്ചു.
തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍എമ്മും ജയിച്ചു. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി. രാഷ്ട്രീയത്തില്‍ നിന്ന് ജമാഅത്ത് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാറുകയായിരുന്നു.
സോഷ്യലിസ്റ്റ് നേതാവും ജമാഅത്ത് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായ എസ്.എം.നൂഹിനോടൊപ്പമായിരുന്നു സമുദായ സംഘടനാ രംഗത്തെ തുടക്കം. മഹല്ലുകളുടെ ഏകോപനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. അവയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ നിയമാവലിയുണ്ടാക്കാനാണ് അഭിഭാഷക ബുദ്ധി ഏറെയും വിനിയോഗിച്ചത്. സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ പദവി.
കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്.ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുന്‍ മാനേജര്‍). മക്കള്‍: അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി.പി.ഉവൈസ് കുഞ്ഞ് (ബഹ്റൈന്‍). മരുമക്കള്‍: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹ്റൈന്‍).