BREAKING NEWSWORLD

ചരിത്രംകുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി. ഇറാഖിലെത്തുന്ന ആദ്യ മാര്‍പാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗതവേഷത്തിലെത്തിയ രണ്ടു കുട്ടികള്‍ അഭിവാദ്യംചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.
നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാണാന്‍ നിരത്തുവക്കുകളില്‍ തടിച്ചുകൂടിയത്. കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറാഖിലൊരുക്കിയത്.
പതിനായിരത്തോളം സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പരിഗണിച്ച് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കവചിത വാഹനത്തിലാണ് മാര്‍പാപ്പ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടത്. രാജ്യത്ത് അംഗബലം കുറഞ്ഞുവരുന്ന ക്രൈസ്തവജനതയെയും യുദ്ധത്തില്‍ തകര്‍ന്ന ഇറാഖിനെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
മാര്‍പാപ്പയുടെ സമാധാന, സഹിഷ്ണുതാ സന്ദേശം സ്വാഗതംചെയ്യാന്‍ ഇറാഖി ജനത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഫവാദ് ഹുസ്സെയ്ന്‍ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനിടെ ഇറാഖിലെ പഴക്കംചെന്ന ക്രൈസ്തവസമൂഹത്തിന്റെ അംഗബലം 14 ലക്ഷത്തില്‍നിന്ന് രണ്ടരലക്ഷമായി കുറഞ്ഞിരുന്നു. ഒരുശതമാനം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 2003ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയതിനു പിന്നാലെയുണ്ടായ ആഭ്യന്തരസംഘര്‍ഷത്തില്‍നിന്ന് രക്ഷപ്പെട്ടോടിയവരാണ് ഭൂരിഭാഗവും. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ പതിനായിരങ്ങള്‍ക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു.
‘ഇറാഖിലെ ക്രൈസ്തവരെ ഇനിയും നിരാശരാക്കാനാവില്ല’
”വീണ്ടും യാത്രചെയ്യാനായതില്‍ സന്തോഷം. ഇതൊരു പ്രതീകാത്മക യാത്രയാണ്, കൊല്ലങ്ങളോളം രക്തസാക്ഷിത്വംവരിച്ച ഒരു ദേശത്തോടുള്ള കടമയും. ഇറാഖിലെ ക്രൈസ്തവജനതയെ രണ്ടാമതും നിരാശപ്പെടുത്താനാവില്ല.”
(1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കാനൊരുങ്ങിയിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനുമായിനടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ പിന്മാറി)
സന്ദര്‍ശനം മൂന്നുദിവസം
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച അദ്ദേഹം രാജ്യത്തെ മുതിര്‍ന്ന ഷിയാ പണ്ഡിതന്‍ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി ചര്‍ച്ചനടത്തും. ഇര്‍ബിലില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനയിലും പങ്കെടുക്കും.

Related Articles

Back to top button