BREAKING NEWSKERALAPATHANAMTHITTA

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ ഭൂമി ഇടപാടുകളില്‍ അന്വേഷണം

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി.
പോപ്പുലര്‍ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡില്‍ ഏക്കര്‍ കണക്കിന് ഭൂമിയുടെ പ്രമാണങ്ങള്‍ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്ര പ്രദേശിലും പ്രതികളുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടന്നിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഇതിനു വേണ്ടിയാണ് റോയി ഡാനിയലിനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ടെത്തിയ രേഖകള്‍ പ്രകാരമുള്ള ആന്ധ്ര പ്രദേശിലെ സ്ഥലങ്ങളിലും റോയിയെ എത്തിച്ച് തെളിവെടുക്കും. കേസിലെ മറ്റ് പ്രതികളായ പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരെ സംസ്ഥാനത്തിനുള്ളിലെ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. വിദേശ ബാങ്കുകളിലെ അക്കൗണ്ട് രേഖകളും പരിശോധനയില്‍ പിടിച്ചെടുത്തു. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപം ഉണ്ടോ എന്നറിയാന്‍ ബാങ്കുകളെ നേരിട്ട് സമീപിക്കേണ്ടി വരും.
ഇതുവരെ കണ്ടെടുത്ത രേഖകള്‍ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും പരിശോധിക്കും. പോപ്പുലറിന്റെ വിവിധ ശാഖകളിലെ മാനേജര്‍മാര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം മുഴുവന്‍ ബ്രാഞ്ച് മാനേജര്‍മാരുടെയും മൊഴി രേഖപ്പെടുത്തും.

Related Articles

Back to top button