പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സര്‍ക്കാരിന് കൈമാറി. അതേസമയം കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രതികള്‍ മൂന്ന് തരത്തില്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍
രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സിബിഐക്കോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.
നിക്ഷേപകരുടെ പ്രതിഷേധവും വരുന്ന തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് ഹര്‍ജികളെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ക്കാന്‍ സാധ്യത ഇല്ല. കേസില്‍ സര്‍ക്കാര്‍ മുമ്പ് ഇന്റര്‍പോളിന്റെ സഹായം തേടിയതും ഇതിന്റെ സൂചനയാണ്. അതേസമയം പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സുപ്രധാന വിവരങ്ങാളാണ് പൊലീസിന് കിട്ടുന്നത്.
തട്ടിപ്പിന് ശേഷം നിക്ഷേപകരോട് 60 ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും റോയി ഡാനിയലിന്റെ പേരില്‍ പാപ്പര്‍ ഹര്‍ജി നല്‍കുകയും ചെയ്ത പ്രതികള്‍, മക്കളായ റിനു റേബ എന്നിവരെ ഓസ്ട്രേലിയയിലേക്ക് കടത്താനും ശ്രമിച്ചു. പക്ഷെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് റിനുവും റേബയും പിടിയിലായതോടെ ആസൂത്രണത്തിന്റെ പ്രധാന ഭാഗം പൊളിഞ്ഞു. പ്രതികള്‍ തെളിവെടുപ്പിന് സഹകരിക്കുന്നുണ്ടെങ്കിലും ആരാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് സൂചന നല്‍കിയിട്ടില്ല. റോയിയുടെ മറ്റൊരു മകളും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ റിയ ആന്‍ ഇപ്പോഴും ഒളിവിലാണ്. റിയ എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍ പറയുന്നത്.