തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് അബ്ദുള്‍ സലാം ഓവുങ്കലിനെ (ഒഎംഎ സലാം) കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. കെഎസ്ഇബി യുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്യുന്നത്.
‘വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ ചെയര്‍മാനാണ് ഒഎംഎ സലാം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഘടനയുടെ സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യമായ അനുമതികള്‍ കൂടാതെ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചു’ സസ്പെന്ഷന് ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കി.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 26 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഒഎംഎ സലാം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധന നടത്തിയിരുന്നു.
ആവശ്യമായ അനുമതികള്‍ കൂടാതെ ഒഎംഎ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ചത്. ഇഡി യില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ ആലോചന. അതേസമയം, കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യാപക റെയ്ഡ് നടത്തിയതെന്നായിരുന്നു സലാം പ്രതികരിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇഡി അന്വേഷിക്കുന്നത്