ചെന്നൈ: കൗമാരക്കാരികളുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുകയല്ല പോക്സോയുടെ (കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം) ലക്ഷ്യമെന്നു മദ്രാസ് ഹൈക്കോടതി. പെണ്മക്കളുടെ കാമുകന്മാരെ ശിക്ഷിക്കുന്നതിനായി പല കുടുംബങ്ങളും നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു. മാറുന്ന സാമൂഹിക സാഹചര്യത്തിനനുസരിച്ച് നിയമത്തില്‍ മാറ്റം വരണം.
കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപതുകാരനെതിരായ പോക്സോ കുറ്റം റദ്ദാക്കിക്കൊണ്ടാണു നിര്‍ദേശം. ഈ കേസില്‍ പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നതു കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നതില്‍ സംശയമില്ല. എന്നാല്‍, പോക്സോ നിയമം പലരും ദുരുപയോഗിക്കുന്നു.
മക്കളുമായി സ്നേഹത്തിലാകുന്നവര്ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്കുന്നു. പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ, ഇത്തരക്കാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നു: കോടതി ചൂണ്ടിക്കാട്ടി.