BREAKING NEWSKERALALATEST

മുന്നണികളില്‍ പോസ്റ്റര്‍ യുദ്ധം; കെട്ടിയിറക്ക് സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന നിലപാടില്‍ അണികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ അണികളുടെ വക പോസ്റ്റര്‍ പ്രതിഷേധം. കെട്ടിയിറക്ക് സ്ഥാനാര്‍ഥികളെ വേണ്ടെന്ന ആവശ്യമാണ് മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൂടെ അണികള്‍ ആവശ്യപ്പെടുന്നത്. ചില നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെതിരെയും അണികള്‍ പോസ്റ്ററിലൂടെ പ്രതിഷേധിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റര്‍ പ്രതിഷേധം സി.പി.എമ്മിലാണ് ആദ്യം ഉണ്ടായതെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെയും വിവിധ മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ ബാലന് പകരം ഭാര്യ പി.കെ ജമീലയെ സ്ഥാനാര്‍ഥി ആക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഇന്നലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ നിന്നും പിന്‍വാങ്ങി. കുറ്റ്യാടിയില്‍ സി.പി.എം മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതിനെതിരെയായിരുന്നു അണികളുടെ പ്രതിഷേധം.
ഇന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്‍സിപി നേതാവും നിലവിലെ മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എലത്തൂരിലും അണികള്‍ പോസ്റ്റര്‍ ഒട്ടിച്ചു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്റര്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി.സി വിഷ്ണുനാഥ് . ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലത്ത് വിഷ്ണുനാഥ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍.ഡി.എഫ് വരണമെങ്കില്‍ ശശീന്ദ്രന്‍ മാറണമെന്നും പോസ്റ്ററില്‍ പറയുന്നു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എന്‍.സിപിയുടെ ജില്ലാഘടകം ചേര്‍ന്നപ്പോള്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്.
കളമശേരിയിലും ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പി രാജീവിനെ ഒഴിവാക്കി ചന്ദ്രന്‍ പിള്ളയെ ഇടത് സ്ഥാനാര്‍ഥിയാക്കണമെന്നതായിരുന്നു പോസ്റ്ററിലെ ആവശ്യം.
തുടര്‍ ഭരണത്തിന് ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. കളമശേരി നിയോജക മണ്ഡലത്തിലെ ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കളമശേരിയിലെ ഇടതു സ്ഥാനാര്‍ഥിയായി പി. രാജീവിനെയാണ് സി.പി.എം. പരിഗണിക്കുന്നത്.
പി.ആര്‍. വേണ്ട, കെ.സി.പി. മതി (പി.രാജീവ് വേണ്ട, കെ. ചന്ദ്രന്‍പിള്ള മതി) എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ‘വിതച്ചത് കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നു’ എന്നും ചില പോസ്റ്ററുകളിലുണ്ട്. 2011ല്‍ കളമശ്ശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്‍ പിള്ളയായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2016ല്‍ എം.എം. യൂസഫ് സ്ഥാനാര്‍ഥിയായി. കളമശേരിയില്‍ ഇത്തവണ ചന്ദ്രന്‍പിള്ളയെയാണ് എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും പരിഗണിച്ചത്. എന്നാല്‍ പിന്നീട് പി. രാജീവിന്റെ പേരും ഉയര്‍ന്നു വരികയായിരുന്നു.
മന്ത്രിമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കുന്നതിനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂരില്‍ പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലും അണികള്‍ പ്രതിഷേധിച്ചിരുന്നു. ഇതനിടെ കെ.എം ഷാജിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് മണ്ഡലത്തിലും അണികള്‍ പോസ്റ്റര്‍ ഒട്ടിച്ചു.

Related Articles

Back to top button