NATIONAL

റെയിന്‍ കോട്ടാണെന്ന് കരുതി ആശുപത്രിയില്‍ നിന്നും അടിച്ചുമാറ്റിയത് പിപിഇ കിറ്റ്… ഇപ്പോള്‍ കൊവിഡ് പോസിറ്റീവ്

നാഗ്പൂര്‍: മഴ കോട്ടാണെന്ന് കരുതി ആശുപത്രിയില്‍ നിന്നും പിപിഇ കിറ്റ് മോഷ്ടിച്ചയാള്‍ക്ക് കൊവിഡ് പരിശോധാനഫലം പോസിറ്റീവ്. മഹാരാഷ്ട്രിയലെ നാഗ്പൂരിലാണ് ഈ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്.കഴിഞ്ഞ ആഴ്ചയാണ് സംഭവം പ്രദേശത്തെ ഒരു പച്ചക്കറി കച്ചവടക്കാരനായ ഇയാള്‍ അമിതമായി മദ്യപിച്ച് ഓടയില്‍ വീഴുകയും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് നാഗ്പൂരിലുള്ള മയോ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഇയാള്‍ വിദഗ്ദ്ധമായി പിപിഇ കിറ്റ് മോഷ്ടിച്ചത്.
തിരികെ എത്തിയ ഇയാള്‍ പിപിഇ കിറ്റ് സുഹൃത്തുക്കളെ കാണിക്കുകയും ആയിരം രൂപ മുടക്കി വാങ്ങിയതാണെന്ന് വീരവാദം മുഴക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍, ഇത് മഴക്കോട്ടല്ലെന്നും പിപിഇ കിറ്റാണെന്നും മനസ്സിലാക്കിയ സുഹൃത്തുക്കള്‍ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ് പിടിച്ചെടുക്കുകയും കത്തിച്ചു കളയുകയും ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ അത് ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, ഇയാളുടെ സ്രവപരിശോധനയും നടത്തി. പരിശോധനയുടെ ഫലം വന്നതോടെയാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഇയാളുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ ബന്ധുക്കളും സുഹ്രുത്തുക്കളുമടക്കമുള്ള ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker