BREAKING NEWSKERALA

എസ്.വി. പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലില്‍നിന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവര്‍ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
അപകടമുണ്ടായ സ്ഥലത്ത് ട്രാഫിക് പോലീസിന്റെ സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിലെ ആദ്യ വെല്ലുവിളിയായിരുന്നു. പിന്നീട് സമീപത്തെ മറ്റു സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചാണ് ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും അപകടം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പേ വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതിനിടെ, പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മകനെ ചതിച്ച് കൊന്നതാണെന്നും അവന്റെ തുറന്നനിലപാടുകള്‍ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നുമായിരുന്നു പ്രദീപിന്റെ അമ്മയുടെ പ്രതികരണം. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരിയും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി പോലീസ് സംഘം കഴിഞ്ഞദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker