BREAKING NEWSNATIONAL

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗമായിരുന്നു (1982 1985). കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, എഐസിസി ട്രഷറര്‍, കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി ട്രഷറര്‍, എഐസിസിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡ്വൈസറി സെല്‍ അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കര്‍ മുഖര്‍ജിയുടെയും രാജ്‌ലക്ഷ്മി മുഖര്‍ജിയുടെയും ഇളയ മകന്‍. സുരി വിദ്യാസാഗര്‍ കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായിരുന്നു പഠനം. തപാല്‍ വകുപ്പില്‍ യുഡി ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവര്‍ത്തകനുമായിരുന്നു. വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയില്‍ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1969 ല്‍ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയില്‍ അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു എന്നതിന്റെ പേരില്‍ പ്രണബ് പില്‍ക്കാലത്തു പഴി കേട്ടിട്ടുണ്ട്. ഇന്ദിര കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ആശയക്കുഴപ്പത്തില്‍, പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നു. പക്ഷേ രാജീവ് ഗാന്ധി അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പ്രണബ് ഇടംകണ്ടതുമില്ല.
കോണ്‍ഗ്രസ് വിട്ട പ്രണബ് 1986 ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴും പ്രണബ് പ്രധാനമന്ത്രിയാകുമെന്നു പാര്‍ട്ടിയിലടക്കം പലരും കരുതിയെങ്കിലും നടന്നില്ല. 2004 ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചപ്പോള്‍ അതെത്തിയത് മന്‍മോഹന്‍ സിങ്ങിലായിരുന്നു. 2009 ലും യുപിഎ അധികാരത്തിലെത്തിയപ്പോള്‍ മന്‍ മോഹന്‍ തുടര്‍ന്നു. പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. 2012 ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018 ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു.
1977 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ബഹുമതികള്‍: ലോക ബാങ്കിന്റെ എമേര്‍ജിങ് മാര്‍ക്കറ്റ്‌സ് എന്ന പ്രസിദ്ധീകരണത്തിന്റെ ഫിനാന്‍സ് മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍ ഫോര്‍ ഏഷ്യ പുരസ്‌കാരം (2010). ന്യൂയോര്‍ക്കിലെ ‘യൂറോ മണി’ എന്ന പ്രസിദ്ധീകരണം 1984ല്‍ ലോകത്തിലെ മികച്ച ധനമന്ത്രിമാരില്‍ ഒരാളായി തിരഞ്ഞെടുത്തു. 2007ല്‍ പത്മവിഭൂഷണ്‍ ബഹുമതി. 2010 ഡിസംബറില്‍ ദ് ബാങ്കര്‍ എന്ന പ്രസിദ്ധീകരണം ഫിനാന്‍സ് മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. 2011ല്‍ വോള്‍വറാംടണ്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി.
ഭാര്യ: പരേതയായ സുവ്രാ മുഖര്‍ജി. മക്കള്‍: ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker