NEWSBREAKING NEWSLATESTNATIONAL

പ്രണബിലൂടെ യാത്രയാകുന്നത് അരനൂറ്റാണ്ടിന്റെ ചരിത്രം

അരനൂറ്റാണ്ട് അത് ഒരു ചെറിയ കാലഘട്ടമല്ല. ഒരു രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകന് ഇതൊരു നീണ്ട കാലഘട്ടം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നിന്ന പ്രണബ് മുഖര്‍ജിയിലൂടെ കടന്നു പോകുന്നത് ഒരു വലിയ രാഷ്ട്രീയ ചരിത്രം കൂടിയാണ്.
രാഷ്ട്രീയ എതിരാളികള്‍ പോലും എതിരഭിപ്രായമില്ല ബഹുമാന്യ വ്യക്തിത്വമായിരുന്നു പ്രണബിന്റേത്. ഇന്ത്യയുടെ പ്രഥമ പൗരന്‍ സ്ഥാനത്തേക്കും ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന അംഗീകാരത്തിനും പ്രണബിനെ യോഗ്യനാക്കിയത് ഈ സ്വീകാര്യതയാണ്. ബംഗാളിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അമരത്തേക്കും രാഷ്ട്രത്തിന്റെ പ്രഥമ പൗരനിലേക്കും വ്യക്തിത്വത്തിന്റെ പടവുകള്‍ ഒരോന്നായി അദ്ദേഹം ചവിട്ടിക്കയറുകയായിരുന്നു.
ശക്തനായ പ്രഭാഷകനും ചിന്തകനും രാഷ്ട്രീയതന്ത്രജ്ഞനുമായ പ്രണബ് ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായ തെരഞ്ഞെടുക്കപ്പെടുന്നത് വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായിരുന്നു. മാറിമാറി വന്ന കോണ്‍ഗ്രസ്, യു.പി.എ ഭരണകാലങ്ങളില്‍ പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാണിജ്യം, ഷിപ്പിംഗ്, വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രി പദവികള്‍ വഹിച്ചിരുന്നു. 1984ല്‍ യൂറോ മണി മാസിക നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും മികച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം.
1935 ഡിസംബര്‍ 11ന് കിര്‍ണാഹര്‍ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി. അമ്മ രാജലക്ഷ്മി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി.
ബംഗ്ലാ കോണ്‍ഗ്രസ്സിലൂടെയായിരുന്നു പ്രണബിന്റെ രാഷ്ട്രീയ ഗോദയിലേക്കുള്ള ചുവടുവെപ്പ്. പ്രണബിന്റെ ചടുതലയും ഇച്ഛാശക്തിയും തിരിച്ചറിഞ്ഞ ഇന്ദിരാഗാന്ധിയാണ് ദേശീയ രാഷ്ട്രീയമെന്ന വിശാലമായ ലോകത്തേക്ക് ഇദ്ദേഹത്തെ നയിച്ചത്. 1969ല്‍ തന്റെ 35ാം വയസ്സില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായി. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയില്‍ ധനമന്ത്രിയായ അദ്ദേഹം കേന്ദ്ര സര്‍ക്കാറില്‍ മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയരൂപവത്കരണത്തിന്റെയും മുഖ്യസൂത്രധാരനായി മാറുകയായിരുന്നു. 1975, 1981, 1993, 1999 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി മാറിയ പ്രണബ് 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ കൂടെ അടിയുറച്ചു നിന്നു. 1979ല്‍ രാജ്യസഭയിലെ കോണ്‍ഗ്രസ് ഡെപ്യൂട്ടി നേതാവായി. 1984ല്‍ ഇന്ദിരയുടെ മരണശേഷം കോണ്‍ഗ്രസില്‍ അധികാര വടംവലികള്‍ രൂക്ഷമായതോടെ പ്രണബ് പിന്തള്ളപ്പെട്ടു. ഇടയ്ക്കുവെച്ച് പാര്‍ട്ടിയോട് പിണങ്ങി രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് രൂപീകരിച്ചു. പിണങ്ങിനിന്ന പ്രണബിനെ പിന്നീട് നരസിംഹറാവു ആസൂത്രണക്കമ്മീഷന്‍ വൈസ്‌ചെയര്‍മാനായി തിരിച്ചെത്തിക്കുകയായിരുന്നു. തന്റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രി സ്ഥാനവും നല്‍കി.
രാജീവ് ഗാന്ധി വധത്തിന് ശേഷമാണ് പ്രണബ് കോണ്‍ഗ്രസില്‍ വീണ്ടും സജീവമാകുന്നത്. സോണിയ ഗാന്ധി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അടിയുറച്ച അനുയായിയും മാര്‍ഗദര്‍ശകനുമായി പ്രണബ് ഉണ്ടായിരുന്നു. 1998-99ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രണബ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി.
2004ല്‍ പശ്ചിമബംഗാളിലെ ജങ്കിര്‍പ്പുര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്.ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയായേക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, മന്‍മോഹന്‍സിങ്ങാണ് പ്രധാനമന്ത്രി പദത്തിലേറിയത്. പ്രണബ് ഭരണപക്ഷത്തെ പ്രധാനിയായി. മന്‍മോഹന്‍ സിങ്ങിന്റെ അഭാവത്തില്‍ മന്ത്രിസഭാ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രണബായിരുന്നു. യു.പി.എ സര്‍ക്കാറില്‍ പ്രതിരോധം, ധനകാര്യം, വിദേശകാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു. വിവാദമായ ഇന്ത്യഅമേരിക്ക ആണവക്കരാര്‍ യാഥാര്‍ഥ്യമാകുന്നതിലും ന്യൂക്ലിയര്‍ സപ്ലേഴ്‌സ് ഗ്രൂപ്പില്‍നിന്ന് ഇന്ത്യക്ക് ഇളവ് ലഭിക്കുന്നതിലും പ്രണബ് നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു. അമേരിക്കയുമായി ഒരു നല്ല ബന്ധം തുടര്‍ന്നുപോരുന്നതിനൊപ്പം തന്നെ റഷ്യയുമായി ആയുധവ്യാപാരങ്ങള്‍ ഇന്ത്യ പ്രണബിന്റെ നേതൃത്വത്തില്‍ ചെയ്തിരുന്നു.
ബംഗ്ലാദേശിലും സ്വീകാര്യനായിരുന്നു പ്രണബ്. ഭാര്യ സര്‍വ മുഖര്‍ജീയുടെ ജന്മസ്ഥലം ബംഗ്ലാദേശാണ്. 10ാം വയസില്‍ ഇവര്‍ കൊല്‍ക്കത്തയിലേക്ക് കുടിയേറുകയായിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി 2013ല്‍ വിദേശ സുഹൃത്ത് ബഹുമതി നല്‍കി ബംഗ്ലാദേശ് പ്രണബിനെ ആദരിച്ചു.
2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 69.31 ശതമാനം വോട്ട് നേടിയാണ് പ്രണബ് ഇന്ത്യയുടെ പ്രഥമ പൗരനായത്. പി.എ.സാങ്മയെയാണ് പരാജയപ്പെടുത്തിയത്. രാഷ്ട്രപതിയായിരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ പല രാഷ്ട്രീയവിഷയങ്ങളും രാജ്യത്തിനകത്ത് ഉയര്‍ന്നു വന്നെങ്കിലും പ്രഥമപൗരന്‍ എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ച് ഔദ്യോഗികകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രണബ് മുഖര്‍ജി പ്രവര്‍ത്തിച്ചത്.
2018 ജൂണില്‍ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവറിനെ പുകഴ്ത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ എത്തിയതെന്നും പ്രണബ് സന്ദര്‍ശക ഡയറിയില്‍ കുറിച്ചിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. 2010ല്‍ ബുരാരിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആര്‍.എസ്.എസിനെതിരെ രാഷ്ട്രീയ പ്രമേയം കൊണ്ടുവന്ന വ്യക്തിയായ പ്രണബ് മുഖര്‍ജി എട്ട് വര്‍ഷത്തിനിപ്പുറം ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചത് കോണ്‍ഗ്രസിന് അല്‍പമൊരു തിരിച്ചടിയായി.
ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/ സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker