BREAKING NEWSLATESTNATIONAL

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സോണിയയെയും മന്‍മോഹനെയും വിമര്‍ശിച്ച് പ്രണബിന്റെ ആത്മകഥ

ന്യൂഡല്‍ഹി: രാഷ്ട്രപതിയായുളള തന്റെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍. പ്രണബ് മുഖര്‍ജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയില്‍ രുപ പബ്ലിക്കേഷന്‍സ് പുറത്തിക്കുന്ന ഓര്‍മക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങളിലാണ് ഇതുസംബന്ധിച്ച സൂചനയുളളത്. 2004ല്‍ യുപിഎ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി പ്രണബ് മുഖര്‍ജി അധികാരമേല്‍ക്കുകയായിരുന്നുവെങ്കില്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന കനത്ത ആഘാതം ഒഴിവാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതിയിരുന്നതായും ഓര്‍മക്കുറിപ്പുകളില്‍ പറയുന്നു.
‘2004ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം ഒഴിവാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതിയിരുന്നു. ഈ കാഴ്ചപ്പാട് ഞാന്‍ അംഗീകരിക്കുന്നില്ല, എന്നാല്‍ പ്രസിഡന്റായുളള എന്റെ സ്ഥാനാരോഹണത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി ഞാന്‍ വിശ്വസിക്കുന്നു. സോണിയയ്ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല, മന്‍മോഹന്‍സിങ്ങിന്റെ സഭയിലെ അസാന്നിധ്യം ദീര്‍ഘമായി നീണ്ടത് എംപിമാരുമായി ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ അവസാനിക്കുന്നതിലേക്കാണ് എത്തിയത്.’
ഓര്‍മക്കുറിപ്പുകളില്‍ താന്‍ രാഷ്ട്രപതിയായിരുന്ന കാലയളിവില്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിങ്ങിനെയും നരേന്ദ്രമോദിയെയും പ്രണബ് മുഖര്‍ജി താരതമ്യം ചെയ്യുന്നുമുണ്ട്. ‘ഭരിക്കാനുളള ധാര്‍മിക അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് രാജ്യത്തിന്റെ ആകെയുളള അവസ്ഥ.
മന്‍മോഹന്‍ സിങ് സഖ്യത്തെ സംരക്ഷിക്കുന്നതിനായി ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചു. അതേസമയം, സര്‍ക്കാരും നിയമസഭയും നിയമവ്യവസ്ഥയും തമ്മിലുണ്ടായിരുന്ന കയ്‌പേറിയ ബന്ധത്തില്‍ നിന്ന് മോദി ഏകാധിപത്യസ്വഭാവമുളള ഭരണരീതിയാണ് മോദിസര്‍ക്കാരിന്റെ ആദ്യകാലയളവില്‍ നടത്തിയതെന്ന് തോന്നുന്നു. ഈ സര്‍ക്കാരിന്റെ രണ്ടാംഘട്ട കാലയളവില്‍ അത്തരംകാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ധാരണയുണ്ടോയെന്ന് സമയത്തിന് മാത്രമേ പറയാനാകൂ.’
വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള വിവാദ തീരുമാനങ്ങളെ കുറിച്ചും 2016 ലെ നോട്ടുനിരോധനത്തിലുളള തന്റെ പങ്കിനെ കുറിച്ചുമെല്ലാം ഓര്‍മക്കുറിപ്പുകളില്‍ പ്രണബ് മുഖര്‍ജി വിശദീകരിക്കുന്നുണ്ട്.
വിവിധ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാക്കളുള്‍പ്പടെ പരസ്യപ്രതികരണം നടത്തിയതിന് പിറകേയാണ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുളള പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്.

Related Articles

Back to top button