BREAKING NEWSLATESTNATIONAL

പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; ഒരാഴ്ച ദുഃഖാചരണം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ . ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മകന്‍ അഭിജിത് മുഖര്‍ജിയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അടക്കമുള്ളവര്‍ പ്രണബ് മുഖര്‍ജിക്ക് ആദരമര്‍പ്പിച്ചു. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.
പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളില്‍ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button