BREAKING NEWSLATESTNATIONAL

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ, പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ്

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യും.
മാധ്യമ നിലപാടുകള്‍ കോടതി വിധികളെ സ്വാധീനിക്കാന്‍ പാടില്ല എന്ന് ജസ്‌ററിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്‌ററിസ് പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ നാമമാത്രമായ പിഴയാണ് പ്രശാന്ത് ഭൂഷണിന് നല്കിയതെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് വിധി. കോടതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കാന്‍ നിലവിലുള്ള അതിരുകളും മാറുകയാണ്. കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് നേരത്തെ വിധിച്ച സാഹചര്യത്തില്‍ നിലപാടു മാറ്റം ആരും പ്രതീക്ഷിച്ചില്ല. ഒരു രൂപ പിഴ മാത്രം നല്കി പന്ത് പ്രശാന്ത ഭൂഷണിന്റെ കോര്‍ട്ടിലേക്ക് മാറ്റുകയാണ് കോടതി ചെയ്തത്.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ പുനപരിശോധന ഹര്‍ജി നല്കിയാല്‍ അതിന്റെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. ജസ്റ്റിസ് അരുണ്‍ മിശ്ര ബുധനാഴ്ച വിരമില്ലാലും വിധി പ്രസ്താവിച്ച മറ്റു രണ്ടു ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കാനുണ്ടാവും. ചീഫ് ജസ്റ്റിസിന്റെ കോടതിക്കു പുറത്തെ ഒരു പെരുമാറ്റമായിരുന്നു പ്രശാന്ത് ഭൂഷണിനെതിരായ നടപടിക്ക് ഇടയാക്കിയ ഒരു ട്വീറ്റ്. അതായത് വിധിയെ വിമര്‍ശിച്ചാല്‍ മാത്രമല്ല കോടതിയലക്ഷ്യം എന്ന ശക്തമായ സന്ദേശം.
ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പടെ സമാന പ്രസ്താവനകള്‍ നടത്തിയപ്പോള്‍ നല്ല ഉദ്ദേശ്യത്തോടെയാണെന്ന് വ്യഖ്യാനിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച ചരിത്രമുണ്ട്. അറ്റോര്‍ണി ജനറല്‍ ശക്തമായി വാദിച്ചെങ്കിലും നാമമാത്രമായ പിഴയെങ്കിലും ശിക്ഷ ഒഴിവാക്കാന്‍ കോടതി തയ്യാറായില്ല. പ്രശാന്ത് ഭൂഷണ്‍ ജയിലില്‍ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് നീതിന്യായ വ്യവസ്ഥയില്‍ വലിയ ചലനം ഉണ്ടാക്കും.
ഒരു ദിവസം തടവും രണ്ടായിരം രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 3 മാസം തടവ്. ഇതായിരുന്നു 2002ല്‍ അരുന്ധതി റോയിക്കു കോടതി നല്കിയ ശിക്ഷ. കോടതിക്കെതിരെ ദുരുദ്ദേശ്യപരമായ ആരോപണം ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. അരുന്ധതി റോയി അന്ന് ഒരു ദിവസം ജയിലില്‍ കിടന്ന ശേഷം പിഴ അടച്ച് തുടര്‍ശിക്ഷ ഒഴിവാക്കി

Related Articles

Back to top button