BREAKING NEWSLATESTNATIONAL

കോടതി അലക്ഷ്യ കേസ്: സമയം തീര്‍ന്നു; മാപ്പുപറയില്ല, ജയിലില്‍ പോകാന്‍ തയാറെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സുപ്രീംകോടതിയെ അദ്ദേഹം നിലപാട് അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ വിമര്‍ശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. കേസില്‍ മാപ്പുപറഞ്ഞ് സത്യവാങ്മൂലം നല്‍കാന്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചു. എന്നാല്‍, മാപ്പ് പറഞ്ഞുള്ള ഇളവ് വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നിരുപാധികം മാപ്പുപറയണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത് കോടതി അലക്ഷ്യമെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറെന്നാണ് പ്രശാന്ത് ഭൂഷണിന്റെ നിലപാട്. മാപ്പുപറയുന്നില്ലെങ്കില്‍ ശിക്ഷ വിധിക്കാനുള്ള തീരുമാനത്തിലേക്കാകും കോടതി പോവുക. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണോ, ഇളവുനല്‍കണോ എന്നതൊക്കെ ഇനി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള കോടതിയുടെ മാത്രം തീരുമാനമാണ്.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ ആവശ്യം. സുപ്രീംകോടതി അമിതാവേശം കാണിച്ചെന്ന വിമര്‍ശനം നിയമവിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളിസൊറാബ്ജിയും ഉയര്‍ത്തി. സുപ്രീംകോടതി നടപടി താക്കീതില്‍ ഒതുക്കണമെന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ പ്രശാന്ത് ഭൂഷണിനെ പിന്തുണച്ച് കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന് തെഹല്‍ക മാഗസിന് 2009ല്‍ നല്‍കിയ അഭിമുഖത്തിനും പ്രശാന്ത്ഭൂഷണിനെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യ നടപടി തുടങ്ങിയിട്ടുണ്ട്. ആ കേസ് ഇന്ന് പരിഗണിക്കാനിരുന്നെങ്കിലും മാറ്റിവെച്ചു. സെപ്റ്റംബര്‍ 2ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രക്ക് ഇനി ഏഴ് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. അതിനകം ഈ കേസിലെ വിധി വരാനാണ് സാധ്യത.

Tags

Related Articles

Back to top button
Close