NATIONAL

‘അഴിമതി’ ആരോപണം; പ്രശാന്ത്ഭൂഷന്റെ ഖേദപ്രകടനം സുപ്രീംകോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത്ഭൂഷന്റെ പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കോവിഡ് ലോക്ക്ഡൗണിന് ശേഷം സാധാരണനിലയില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക് കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
2009ല്‍ തെഹല്‍ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശം പ്രശാന്ത് ഭൂഷണ്‍ നടത്തിയത്. ഇന്ത്യയിലെ 16 ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്നായിരുന്നു പരാമര്‍ശം.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷനെതിരെ മറ്റൊരു കോടതിയലക്ഷ്യ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഒരു ആഡംബര ബൈക്കിലിരിക്കുന്നതിന്റെ ചിത്രം സംബന്ധിച്ച് ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് ഈ ഹര്‍ജിക്കാധാരം.
ആദ്യത്തെ ഹര്‍ജിയിലാണ് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചത്. ‘തന്റെ പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസുമാരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചു എങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. അഴിമതി എന്ന വാക്ക് താന്‍ വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. സാമ്പത്തിക അഴിമതിയോ ധനപരമായ നേട്ടമോ ഉണ്ടാക്കി എന്നല്ല തന്റെ പരാമര്‍ശത്തിന്റെ അര്‍ത്ഥമെന്നും പ്രശാന്ത് ഭൂഷണ്‍ വിശദീകരിക്കുകയുണ്ടായി.

Related Articles

Back to top button