LATESTKERALA

തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം, 500 രൂപ കൈയില്‍ തന്ന് ഇറക്കിവിട്ടു: പ്രവാസി വ്യവസായി

കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന് നാദാപുരം തൂണേരിയിലെ പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദ്. ഖത്തറിലെ ബിസിനസ് പങ്കാളികളാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായും താന്‍ ഒരാള്‍ക്കും പണം കൊടുക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘സംഘത്തിലുണ്ടായിരുന്നവര്‍ മുഖംമൂടി ധരിച്ചതിനാല്‍ ആരാണെന്ന് തിരിച്ചറിയാനായില്ല. തടവില്‍ പാര്‍പ്പിച്ച സ്ഥലത്തുനിന്ന് കുറേ ദൂരം വാഹനത്തില്‍ സഞ്ചരിച്ച ശേഷമാണ് രാമനാട്ടുകരയില്‍ ഉപേക്ഷിച്ചത്. ബോസ് വിടാന്‍ പറഞ്ഞെന്നും അതിനാല്‍ വിട്ടയക്കുകയാണെന്നും പറഞ്ഞു. അഞ്ഞൂറ് രൂപയും കൈയില്‍ തന്നു’ അഹമ്മദ് വിശദീകരിച്ചു.
ശനിയാഴ്ച പ്രഭാത നമസ്‌കാരത്തിനായി പള്ളിയില്‍ പോകുന്നതിനിടെയാണ് അഹമ്മദിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലെത്തിയ സംഘം അഹമ്മദിന്റെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കാറിനകത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നാലെ കൈകാലുകള്‍ കെട്ടിയിടുകയും കണ്ണ് കെട്ടുകയും ചെയ്തു. ഇതിനുശേഷം നടന്നകാര്യങ്ങള്‍ വലിയ ഓര്‍മയില്ലെന്നാണ് അഹമ്മദ് പറയുന്നത്. പിന്നീട് ഒരിടത്ത് ഒരു മുറിയിലിട്ട് അടച്ചിട്ടു. ഭക്ഷണം നല്‍കിയ സംഘം ഇടയ്ക്ക് അവര്‍ പറയുന്ന രീതിയില്‍ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടതായും അഹമ്മദ് പറഞ്ഞു. അഹമ്മദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് സന്ദേശവും ലഭിച്ചിരുന്നു.
അതേസമയം, പ്രവാസി വ്യവസായി തിരികെ എത്തിയെങ്കിലും സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കം അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker