തൊടുപുഴ: തങ്ങളുടെ അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കള്‍ കണ്ടുപിടിച്ചു. പോലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. തൊടുപുഴ കാപ്പില്‍ ജോസ് സി.കാപ്പനെ(75) കര്‍ണാടകയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒമ്മല സ്വദേശി ആളരോത്ത് സിജു കുര്യനെ(36) യാണ് അട്ടപ്പാടിയില്‍നിന്ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.
പത്തു വര്‍ഷം മുമ്പ് നടന്ന കേസില്‍ സിജുവിനെ കര്‍ണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. ജോസിന്റെ മക്കളായ സജിത്ത് ജെ.കാപ്പനും രഞ്ജി ജോസ് കാപ്പനും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും കര്‍ണാടക പോലീസില്‍ അറിയിക്കുകയുമായിരുന്നു.
നീണ്ട നിയമപോരാട്ടം
കര്‍ണാടക ഷിമോഗ ജില്ലയിലെ സാഗര്‍ കെരോഡിയില്‍ താമസിച്ചിരുന്ന ജോസ് സി.കാപ്പനെ 2011 ഡിസംബറിലാണ് കാണാതായത്. ഇവിടെ ഇദ്ദേഹത്തിന് തോട്ടമുണ്ടായിരുന്നു. കേസില്‍ തോട്ടം ജീവനക്കാരനായ സിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയില്‍ മൂടിയതായി സിജു മൊഴി നല്കി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി ഇയാളെ വിട്ടയച്ചു.
തുടര്‍ന്ന് ജോസിന്റെ മക്കള്‍ അന്വേഷണോദ്യോഗസ്ഥന് എ.സി.പി. എസ്.ഡി.ശരണപ്പയുടെ സഹായത്തോടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. 2020 മാര്‍ച്ചില്‍ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാല്‍ അപ്പോഴേക്കും സിജു കര്‍ണാടകം വിട്ടിരുന്നു.
ഇതിനിടെ കോവിഡ് പടര്‍ന്നു. കര്‍ണാടക പോലീസിന് കേരളത്തിലെത്തി അന്വേഷണം നടത്താന്‍പറ്റാത്ത സ്ഥിതി വന്നു. ഇതോടെയാണ് തങ്ങള്‍ സ്വന്തം നിലയില്‍ അന്വേഷിച്ചുതുടങ്ങിയതെന്ന് ജോസിന്റെ മകന് സജിത്ത് പറഞ്ഞു. ഒമ്മല സ്വദേശിയായ ഷിജു കക്കൂപ്പടി എന്ന സ്ഥലത്താണ് താമസിക്കുന്നതെന്ന് മനസ്സിലായി. ഇക്കാര്യം കര്‍ണാടക പോലീസിനെ അറിയിച്ചു.
വെള്ളിയാഴ്ച കര്‍ണാടക പോലീസ് പാലക്കാട്ടെത്തി. അവരുടെയൊപ്പം സജിത്തും രഞ്ജിയും അട്ടപ്പാടിയിലേക്ക് പോയി. അഗളി പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഞായറാഴ്ച രാവിലെ അഗളി സ്റ്റേഷനിലെ സി.ഐ. ശശികുമാര്‍, സി.പി.ഒ.മാരായ ഷാന്‍, സുരേഷ് എന്നിവരുടെ സഹായത്തോടെ സിജുവിനെ പോലീസ് പിടികൂടുകയായിരുന്നു.
ദൈവത്തിന് നന്ദിയുണ്ടെന്ന് ജോസിന്റെ മകന് സജിത്ത് പ്രതികരിച്ചു. പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ 10 മക്കളും ഒറ്റക്കെട്ടായാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.